Skip to main content

പ്രവര്‍ത്തന സമയത്തില്‍ ചരിത്രം കുറിച്ച് സിഇടി; വൈജ്ഞാനിക സമൂഹത്തിന്റെ ദിശാസൂചികയെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയിറിംഗ് കോളേജിലെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചത് നവവൈജ്ഞാനിക സമൂഹമെന്ന നിലയിലുള്ള കേരളത്തിന്റെ പ്രയാണത്തിന്റെ ദിശാസൂചകമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കോളേജിന്റെ പ്രവര്‍ത്തന സമയം ആറ് മണിക്കൂറില്‍ നിന്ന് പന്ത്രണ്ട് മണിക്കൂറായി (രാവിലെ 9 മുതല്‍ രാത്രി 9 വരെ)വര്‍ധിപ്പിച്ചതിന്റെ (യാനം ദീപതം പദ്ധതി) ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവര്‍ത്തനസമയം നീളുമ്പോള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ക്ക് ധാരാളം സമയം ലഭിക്കും. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ ഈ രീതിയിലാണ് അധ്യയനം നടക്കുന്നത്. സിഇടിയുടെ മാതൃക പിന്തുടര്‍ന്നാകും അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കലാലയങ്ങളിലും പ്രവര്‍ത്തന സമയം പന്ത്രണ്ട് മണിക്കൂറാക്കുകയെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിനായി റൂസ്സ, സര്‍ക്കാര്‍, പിടിഎ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച സ്റ്റുഡന്റ് സെന്റര്‍ കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ടം, നവീകരിച്ച സെന്‍ട്രല്‍ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍എ അധ്യക്ഷനായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ വി. സരേഷ് ബാബു, ബിഎസ്എന്‍എല്‍ ചീഫ് എഞ്ചിനീയര്‍ സതീഷ് ആര്‍, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date