Skip to main content

വിവ കേരളം ക്യാമ്പയിൻ: സ്ത്രീകളുടെ പട്ടം പറത്തൽ 16ന്

വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച വിവ (വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്) കേരളം കാമ്പയിൻന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് വൈകീട്ട് നാല് മണിക്ക് തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിവ കേരളം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഫെബ്രുവരി 16ന് വൈകീട്ട് അഞ്ച് മണിക്ക് തലശ്ശേരി, മുഴപ്പിലങ്ങാട്, പയ്യാമ്പലം, അഴീക്കോട് ചാൽ, എന്നീ ബീച്ചുകളിലും മാടായിപാറയിലൂും സ്ത്രീകളുടെ നേതൃത്വത്തിൽ പട്ടം പറത്തും. 'ഉയരും ഞാൻ നാടാകെ' എന്നാണ് പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങി അനുബന്ധ വകുപ്പുകളുടെ സഹകരണത്തിൽ ജനപങ്കാളിത്തത്തോടെയാണ് പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്. വിവിധയിടങ്ങളിൽ ജനപ്രതിനിധികൾ പട്ടംപറത്തൽ ഉദ്ഘാടനം ചെയ്യും.
15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിവ കാമ്പയിൻ ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവത്ക്കരണവും ലക്ഷ്യമിടുന്നു. വിദ്യാസമ്പന്നരും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരുമായ സ്ത്രീകളിൽ പോലും അനീമിയ കാണുന്നുണ്ട്. മറഞ്ഞിരിക്കുന്ന അനീമിയ പല ഗുരുതര ശാരീരിക ബുദ്ധിമുട്ടിലേക്കും നയിക്കും. ഇതിൽ നിന്നും മുക്തി നേടിയാൽ വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യത്തോടൊപ്പം സമൂഹത്തിന്റെ പുരോഗതിയ്ക്കും ഉത്പാദനക്ഷമത വർധിപ്പിക്കാനും സാധിക്കും.

date