Skip to main content
കൊടകര ജി.എൽ.പി.എസ്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച മാതൃക പ്രീ പ്രൈമറി സ്കൂൾ - മയിൽപ്പീലി, സൗരോർജ പാനൽ എന്നിവയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

കൊടകരയിൽ അന്താരാഷ്ട്ര നിലവാരത്തിൽ പ്രീ പ്രൈമറി

'മയിൽപ്പീലി'ച്ചന്തത്തിൽ ജി എൽ പി എസ്

കണ്ടും കളിച്ചും അനുഭവിച്ചും പഠനം രസകരമാക്കാൻ കൊടകരയില്‍ മാതൃകാ പ്രീ പ്രൈമറി വിദ്യാലയമൊരുങ്ങി. കൊടകര ഷഷ്ഠിയും ചീറിപ്പായുന്ന വണ്ടികളും വിമാനവും അതിരപ്പള്ളിയിലെ വെള്ളച്ചാട്ടവുമെല്ലാം ഇവിടെ ചുവരുകൾക്ക് മിഴിവേകുന്നു. തൂണുകളാവട്ടെ പ്ലാവും മാവും കശുമാവുമായി മാറി. പുകതുപ്പി പായുന്ന തീവണ്ടി സ്‌കൂള്‍ കാമ്പസില്‍ യാത്രയ്‌ക്കൊരുങ്ങി നില്‍ക്കുന്നുണ്ട്. എസ് എസ് കെ നല്‍കുന്ന 10 ലക്ഷം രൂപയും കൊടകര പഞ്ചായത്ത് നല്‍കുന്ന അഞ്ച് ലക്ഷം രൂപയും ചിലവഴിച്ചാണ് കൊടകര ഗവ. എല്‍പി സ്‌കൂളില്‍ മാതൃക പ്രീപ്രൈമറി സ്‌കൂള്‍ ഒരുക്കിയത്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച മാതൃകാ പ്രീപ്രൈമറി സ്കൂൾ 'മയിൽപ്പീലി'യുടെയും സൗരോർജ പാനലിൻ്റെയും ഉദ്ഘാടനം കൊടകര ജിഎൽപിഎസിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

 ഉന്നതവിദ്യാഭ്യാസത്തിനായി സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുവന്നതും പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾ വർദ്ധിക്കുന്നതും വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരത്തിന് തെളിവാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് രാജ്യത്തിന് മാതൃകയാണ് കേരളം. മികച്ച സ്കൂൾ കെട്ടിടങ്ങളും പഠനസൗകര്യങ്ങളും ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച സ്ഥാപനങ്ങളും ഇതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.

പഠനത്തോടൊപ്പം കായികക്ഷമത വർധിപ്പിക്കുന്നതിലും ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജീവിതഗുണനിലവാരം ഉയർത്തുക എന്നാൽ ശരീരം അനക്കാതിരിക്കലല്ല. പഠനവും കളിയും കമ്പ്യൂട്ടറിന് മുന്നിൽ മാത്രമാവരുതെന്നും പാഠ്യേതരപ്രവർത്തനങ്ങളിലും കായികരംഗത്തും കുട്ടികൾ സജീവമാകണമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ വാഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും മന്ത്രി ഉദ്ഘാടനം ചെയ്തു.

 സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി. ബുദ്ധിവികാസത്തിലും സ്വഭാവരൂപീകരണത്തിലും ഏറ്റവും പ്രാധാന്യമുള്ള പ്രായത്തിൽ ഏറ്റവും മികച്ച വിദ്യാഭ്യാസവും സൗകര്യങ്ങളും ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാനവും എംഎൽഎ നിർവഹിച്ചു.

കൊടകര ബ്ലോക്ക് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ഫേബ പദ്ധതി വിശദീകരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് എന്നിവർ മുഖ്യാതിഥികളായി.

 മയിൽപീലി പദ്ധതി മുഖ്യശിൽപി എൻ ടി പോളി, ചിത്രകാരന്മാരായ കെ എസ് ദീപേഷ്, കെ എസ് ദിലീഷ്, ഹെഡ്മിസ്ട്രസ് ടി ആർ ജയ, കെ ആർ അനിതകുമാരി, കെ നന്ദകുമാർ എന്നിവരെ ആദരിച്ചു.

 ജനപ്രതിനിധികളായ കെ ജി രജീഷ്, ടെസ്സി ഫ്രാൻസിസ്, സ്വപ്ന സത്യൻ, ജോയ് നെല്ലിശ്ശേരി, ദിവ്യ ഷാജു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കൊടകര പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമൻ സ്വാഗതവും സെക്രട്ടറി കെ ബിന്ദു നന്ദിയും പറഞ്ഞു.

മയിൽപ്പീലി എന്ന പ്രീപ്രൈമറി വിഭാഗം കെട്ടിടത്തിൽ പഠനം ലളിതമാക്കാൻ ഗണിതരൂപങ്ങളും വാദ്യോപകരണങ്ങളായ ചെണ്ട, വയലിന്‍, പുല്ലാംകുഴല്‍, ഇലത്താളം, ഹാര്‍മോണിയം എന്നിവയും നൃത്തരൂപങ്ങളും ചുവരിലിടം പിടിച്ചിട്ടുണ്ട്. കുറുമ്പന്മാരെയും കുറുമ്പികളെയും പിടിച്ചിരുത്താൻ ഇഷ്ടകാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മിക്കിമൗസും ഡോറയും ടോം ആന്‍ഡ് ജെറിയും ചുവരിൽ കൂട്ടുകാരായുണ്ട്. വായനയ്ക്കായി വനം എന്ന വള്ളിക്കുടിലും മുറിച്ചുവെച്ച തണ്ണിമത്തന്‍ സ്ലൈഡും കണക്ക് മലയും ഇവിടുണ്ട്.
 

date