Skip to main content

അപേക്ഷകരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം- മന്ത്രി വി. അബ്ദുറഹിമാന്‍

ഓഫീസുകളില്‍ അപേക്ഷയുമായെത്തുവരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. അപേക്ഷകരെ തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തിരൂര്‍ ആര്‍.ഡി.ഒ ഓഫീസില്‍ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട നടപടികളുടെ മറവില്‍ മുതലെടുപ്പിന് ശ്രമിക്കുന്ന ഇടനിലക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സ്വന്തം ഇഷ്ടം നോക്കി അപേക്ഷകരെ സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യരുത്. അപേക്ഷകരെ ഗണ്‍മാനെ ഉപയോഗിച്ച് തടയുന്ന രീതിയാണ് തിരൂര്‍ ആര്‍.ഡി.ഒ ഓഫീസില്‍ നടക്കുന്നത്. ഇത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ആസൂത്രണ സമിതി സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എം.എല്‍.എ ഫണ്ട് വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്നും പ്രവൃത്തി പുരോഗതി എം.എല്‍.എമാരെ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
തിരൂരിലെ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പെട്ടെന്ന് തീര്‍പ്പാക്കുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഏജന്റുമാരുടെ പ്രവേശനം പൂര്‍ണ്ണമായും തടയണമെന്ന് കളക്ടര്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. നിലവില്‍ മിക്ക അപേക്ഷകളും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കുന്നത് സംബന്ധിച്ച പരിശീലനം വില്ലേജ് ജനകീയ സമിതികള്‍ വഴിയും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.  
അപകടം വിതക്കുന്ന രീതിയിലാണ് ദേശീയ പാത 66 ന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. പലയിടങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാതെ ഗതാഗതം തിരിച്ചു വിടുന്നു. കിടങ്ങുകളില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നു. പൊടി ശല്യം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ജില്ലാതലത്തില്‍ വകുപ്പു മേധാവികളെ ഉള്‍പ്പെടുത്തി സുരക്ഷാ സമിതി രൂപീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന്റെ പ്രധാന ക്യാമ്പായ കരിപ്പൂര്‍ ഹജ്ജ് ഹൗസിലേക്കുള്ള എല്ലാ പ്രധാന റോഡുകളും പുനരുദ്ധാരണം നടത്തണമെന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 28 ല്‍ നിന്ന് നീട്ടണമെന്നുമുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു. എം.എല്‍.എമാരായ പി. അബ്ദുല്‍ഹമീദ്, ടി.വിഇബ്രാഹിം എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.
യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, കെ.പിഎ മജീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്, അഡ്വ.. യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ് , അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രതിനിനിധി അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ.. അബൂ സിദ്ധീഖ്. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

date