Skip to main content

മുനമ്പം ആശുപത്രിയില്‍ ഒരു ഡോക്ടര്‍ കൂടി; ഇനി വൈകുന്നേരവും ഒ.പി

 

    ഡോക്ടര്‍ ക്ഷാമംമൂലം പ്രയാസമനുഭവിച്ച തീര ജനതയ്ക്ക് ആശ്വാസമായി മുനമ്പം കുടുംബരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറുടെ സേവനംകൂടി ലഭ്യമാകും. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. 

    ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സ്ഥിരമായി ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കും. സ്ഥിരം ഡോക്ടര്‍ എത്തുന്നതുവരെ താല്‍ക്കാലികമായി നിയമിച്ച ഡോക്ടര്‍ ജോലിയില്‍ പ്രവേശിച്ചു. ആശുപത്രി മനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടില്‍ നിന്നാണ് താല്‍ക്കാലിക ഡോക്ടറുടെ നിയമനം. 

    ഒ.പി സേവനങ്ങളുടെ സമയവും നീട്ടി. രണ്ടു ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുള്ള ദിവസങ്ങളില്‍ വൈകുന്നേരം 4 വരെയും മൂന്നു ഡോക്ടര്‍മാരുള്ള ദിവസങ്ങളില്‍ വൈകിട്ട് 6 വരെയും ഒ.പി സേവനം ലഭ്യമാകും. മറ്റുള്ളവര്‍ക്ക് ഒ.പി ടിക്കറ്റ് നിരക്കില്‍ ചെറിയ വര്‍ധന വരുത്തി, വയോജനങ്ങള്‍ക്ക് ഒ.പി ടിക്കറ്റ് സൗജന്യമായി നല്‍കും. 

    ദേശീയ ആരോഗ്യ ഗുണനിലവാര അംഗീകാരം ഉള്‍പ്പെടെ നേടിയ മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ മാറ്റം ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുമെന്ന് ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ. ജയന്‍, സുബോധ ഷാജി, ജിജി വിന്‍സെന്റ്, അംഗം ഷെന്നി ഫ്രാന്‍സിസ്, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ എ.എസ് അരുണ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനില്‍, കെ.കെവേലായുധന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

date