Skip to main content

കോട്പ ജില്ലാതല കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

ജില്ലയിലെ സ്‌കൂളുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ ലഹരിമുക്തമാക്കാൻ ദേശീയ പുകയില നിയന്ത്രണ പരിപാടി (കോട്പ 2003) ജില്ലാ തല കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. എഡിഎം കെ കെ ദിവാകരൻ ചെയർമാനും ജില്ലാ നോഡൽ ഓഫീസറായ ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പി ജീജ കൺവീനറും വിവിധ വകുപ്പ് മേധാവികൾ അംഗങ്ങളുമാണ്.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നൂറു വാര ചുറ്റളവിൽ ലഹരി വിൽപന നിരോധന സോണുകൾ സൃഷ്ടിക്കാൻ സ്‌കൂൾ കേന്ദ്രീകൃത ജനകീയ സമിതികൾ സമയബന്ധിതമായി രൂപീകരിക്കും. ഇപ്പോൾ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന സ്‌കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, എസ്.പി.സി, വിമുക്തി സമിതി, എൻ സി സി തുടങ്ങിയ എല്ലാ സംഘടനകളുടെയും സഹകരണത്തോടെ വിവിധ വകുപ്പുകളുടെ കൂട്ടായ്മയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലും ഹെൽത്ത് ബ്ലോക്ക് അടിസ്ഥാനത്തിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നിയമനടത്തിപ്പിന് സ്‌ക്വാഡുകൾ രൂപീകരിക്കും. വകുപ്പുതല ഉദ്യോഗസ്ഥർക്ക് ജില്ലാതല ശിൽപശാല സംഘടിപ്പിക്കാനും ജില്ലയിലെ പൊതുസ്ഥലങ്ങൾ പൂർണമായും പുകവലി രഹിതമാക്കാൻ ഉതകും വിധം സൂചനാബോർഡുകൾ സ്ഥാപിക്കാനും വ്യാപാരി വ്യവസായികളുമായി ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തയ്യാറാക്കാനും തീരുമാനിച്ചു.
യോഗത്തിൽ കേരള വോളണ്ടിയർ ഹെൽത്ത് സർവിസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാജു ഇട്ടി, വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date