Skip to main content

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

 

 

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി, വിഎച്ച്എസ്‌സി പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി മുന്നൊരുക്കങ്ങള്‍ എ.ഡി.എം. എസ്. ഷാജഹാന്റെ നേതൃത്വത്തില്‍ വിലയിരുത്തി. മാര്‍ച്ച് 9 മുതല്‍ 29 വരെയാണ് എസ് എസ് എല്‍സി പരീക്ഷകള്‍ നടക്കുന്നത്. ഹയര്‍ സെക്കന്ററി, വിഎച്ച്എസ് സി പരീക്ഷകള്‍ മാര്‍ച്ച് 10 നാരംഭിച്ച് 30 ന് അവസാനിക്കും.

 

പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. എസ് എസ് എല്‍ സി പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യപേപ്പറുകള്‍ ജില്ലയിലെ വിവിധ ട്രഷറികളിലായി സുരക്ഷിക്കും. കര്‍ശനമായ പോലീസ് സുരക്ഷയും ഇവിടെ ഉറപ്പാക്കും. ചോദ്യപേപ്പറുകളുടെ വിതരണത്തിനായി ക്ലസ്റ്ററുകള്‍ തിരിച്ച് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. 

 

ഹയര്‍ സെക്കന്ററി പരീക്ഷയ്ക്കായി 217 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന സ്‌കൂളുകളുടെ വിവരങ്ങള്‍ പോലീസിനെ അറിയിക്കും. 

വിഎച്ച്എസ്‌സിയില്‍ 34 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 

 

സ്‌കൂളുകളില്‍ പരീക്ഷാ നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എഡിഎം നിര്‍ദേശിച്ചു. പിടിഎയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണം. വിദ്യാര്‍ഥികള്‍ക്ക് സുഗമമായി പരീക്ഷ എഴുതുന്നതിനുളള സാഹചര്യം ഒരുക്കണമെന്നും എഡിഎം നിര്‍ദേശിച്ചു. 

 

വിദ്യാഭ്യാസം, പോലീസ്, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

date