Skip to main content

ലോക കേൾവി ദിനാചരണം

 

 

ലോക കേൾവി ദിനത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചെവിയുടെയും കേൾവിയുടെയും പരിപാലനം എല്ലാവർക്കും എന്നതാണ് ഈ വർഷം മുന്നോട്ടു വെക്കുന്ന സന്ദേശം.

 

എറണാകുളം ജനറൽ ആശുപത്രിയിലെ യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവത്കരണക്ലാസുകൾ, ഫ്ലാഴ്‌ മോബ്‌, പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട്‌ ഡോ ഷാഹിർഷാ, ഡെപ്യൂട്ടി സൂപ്രണ്ട്‌ ഡോ ആശ ജോൺ, എൻ പി പി സി ഡി ജില്ലാ നോഡൽ ഓഫീസർ ഡോ കെ ജി സാജു, അസോസിയേഷൻ ഓഫ്‌ ഓട്ടോളറിംഗോളജി കൊച്ചി ചാപ്റ്റർ സെക്രട്ടറി ഡോ ജ്യോതി, മെഡിക്കൽ കോളേജ്‌ ഇ എൻ ടി സർജൻ ഡോ ഗീത തുടങ്ങിയവർ പങ്കെടുത്തു.

 

ഇ എൻ ടി സർജൻ ഡോ ശാരദ ബോധവത്കരണക്ലാസ്‌ നടത്തി. ചോദ്യോത്തരപരിപാടിയിൽ പങ്കെടുത്ത്‌ ജേതാക്കളായവർക്ക്‌ സമ്മാനദാനവും നടത്തി. വഴിയോരകച്ചവടക്കാർ, കെ എസ്‌ ആർ ടി സി ജീവനക്കാർ, ട്രാഫിക്‌ പോലീസ്‌ തുടങ്ങിയവർക്ക്‌ റോഡിൽ വാഹനങ്ങൾ മൂലം ഉണ്ടാകുന്ന ശബ്ദ മലിനീകരണത്തെ കുറിച്ചും ചെവിയുടെ സംരക്ഷണത്തെ കുറിച്ചും ബോധവത്കരണം നടത്തി. ഇയർ പ്ലഗുകളും വിതരണം ചെയ്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രി, കോതമംഗലം താലൂക്ക്‌ ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിലും ദിനാചരണപരിപാടികൾ സംഘടിപ്പിച്ചു. 

 

80 ശതമാനത്തോളം വരുന്ന കേൾവി പ്രശ്നങ്ങളും പ്രതിരോധിക്കാവുന്നതോ, ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതോ ആണ്‌. ഏറ്റവും നൂതനമായ ശ്രവണ പരിശോധന സൗകര്യങ്ങൾ ഒരുക്കാനും ശ്രവണ വൈകല്യമുള്ളവർക്ക് ശസ്ത്രക്രിയ ഉൾപ്പടെ മികവുറ്റ ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനും ദേശീയ ബധിരതാ നിയന്ത്രണ പരിപാടിയിലൂടെ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്‌. ജില്ലയിലെ അഞ്ച്‌ സ്ഥാപനങ്ങളിൽ പദ്ധതിയുടെ സൗകര്യങ്ങൾ ലഭ്യമാണ്‌. എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, ജില്ല ആശുപത്രി ആലുവ, കോതമംഗലം താലൂക്ക്‌ ആസ്ഥാന ആശുപത്രി, നോർത്ത്‌ പറവൂർ താലൂക്ക്‌ ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ലഭ്യമാണ് .

date