Skip to main content

വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

നിലവിലെ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പരിഷ്‌കരണങ്ങള്‍ മാര്‍ച്ച് നാലിന് മുന്‍പ് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതി ഭേദഗതികള്‍ ചര്‍ച്ചചെയ്ത്  അംഗീകാരം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികളുടെ രൂപീകരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
     28 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. ബാക്കിയുള്ളവ മാര്‍ച്ച് ആറിന് ചേരുന്ന ആസൂത്രണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. അടൂര്‍ നഗരസഭയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും യോഗത്തില്‍ അംഗീകരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date