Skip to main content

ഹൗസിങ് പ്ലോട്ട് വികസനം നിയമ വിധേയമായി നിയന്ത്രിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം വേണം- പി. എച്ച്. കുര്യന്‍

കൊച്ചി കോര്‍പ്പറേഷന്‍, ചുറ്റുമുള്ള മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യാതെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ പെര്‍മിറ്റുകളെടുക്കാതെയും  പ്ലോട്ട് ഡെവലപ്മെന്റ് നടത്തുന്നത് കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) യുടെ ശ്രദ്ധയില്‍പെടുത്തണമെന്ന് കെ-റെറ ചെയര്‍മാന്‍ പി. എച്ച്. കുര്യന്‍ നിർദേശിച്ചു. അഞ്ഞൂറ് ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ഭൂമി താമസത്തിനായി പ്ലോട്ടുകളാക്കി വികസിപ്പിച്ച് വിപണനം നടത്തുന്നതിന് റെറ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. പ്ലോട്ടുകളുടെ എണ്ണം എത്രയായാലും തദ്ദേശ സ്ഥാപനത്തില്‍ നിന്ന് ഡെവലപ്മെന്റ് പെര്‍മിറ്റ് വാങ്ങി വേണം റെറയിൽ രജിസ്റ്റര്‍ ചെയ്യാന്‍.

ചട്ടവിരുദ്ധമായ നിര്‍മിതികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സ്റ്റോപ് മെമോ കൊടുക്കാനുള്ള തദ്ദേശസ്വയംഭരണ സെക്രട്ടറിമാരുടെ അധികാരം വിനിയോഗിക്കണം. അതോടോപ്പം അത്തരം ലംഘനങ്ങള്‍ കെ-റെറയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.  എറണാകുളം എം ജി റോഡ് അബാദ് പ്ലാസയില്‍ കൊച്ചി കോര്‍പ്പറേഷനിലേയും പരിസരപ്രദേശങ്ങളിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥരെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 2020 -ൽ തന്നെ കെ-റെറയിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 2016 ലെ റെറ നിയമപ്രകാരം അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ പരസ്യം കൊടുക്കുകയോ വിൽപന നടത്തുകയോ ചെയ്താൽ പ്രൊജക്റ്റ് ചെലവിന്റെ പത്തു ശതമാനം വരെ പിഴ ഈടാക്കാൻ റെറയ്ക്ക് അധികാരമുണ്ട്. പ്ലോട്ടുകളും വില്ലകളും ഫ്ളാറ്റുകളും വാങ്ങുന്നവര്‍ അവയ്ക്ക് റെറയില്‍ രജിസ്ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ഭാവിയില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ നിയമപരിരക്ഷ ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതുകൊണ്ട് തന്നെ ജനജീവിതം സുഗമമാക്കാനായി പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും റെറയുമായി കൈ കോർക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തില്‍ 2016-ലെ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്) നിയമത്തെ സംബന്ധിച്ച് അദ്ദേഹം ഉദ്യോഗസ്ഥരെ ബോധവല്‍ക്കരിക്കുകയും ചെയ്തു. കെ - റെറ സാങ്കേതിക- ഭരണ വിഭാഗം സെക്രട്ടറി വൈ. ഷീബ റാണി, ഡെപ്യൂട്ടി  ഡയറക്ടർ പി. ജി. പ്രദീപ് കുമാർ എന്നിവരും യോഗത്തിൽ സംസാരിച്ചു.

Reply all

Reply to author

Forward

date