Skip to main content
ജില്ലാതല നിക്ഷേപക സംഗമം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയുന്നു

ജില്ലാതല നിക്ഷേപക സംഗമം നടത്തി

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും ഇതിനായി വിവിധ വകുപ്പുകൾ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും റവന്യു - ഭവനനിർമാണ വകുപ്പ് മന്ത്രി കെ രാജൻ. ഏഷ്യയിലെ രണ്ടാമത്തെ വലിയ സൂവോളജിക്കൽ പാർക്കായി മാറുന്ന പുത്തൂരിലെ പാർക്ക് വലിയ സംരംഭ സാധ്യത തുറന്നിടുന്നതായും മന്ത്രി പറഞ്ഞു. തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഹോട്ടൽ ഗരുഡയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യ - വിദ്യാഭ്യാസ രംഗങ്ങളിൽ ഒട്ടേറെ മാതൃകകൾ കേരളം മുന്നോട്ട് വെക്കുന്നുണ്ട്. കോവിഡിന് ശേഷം ഒരു ലക്ഷം സംരംഭങ്ങളും 20 ലക്ഷം തൊഴിലും ലക്ഷ്യമിട്ടപ്പോൾ 13596 സംരംഭങ്ങളുമായി ഒന്നാം സ്ഥാനത്തായി തൃശൂർ ജില്ല. പുത്തൂർ സൂവോളജിക്കൽ പാർക്ക് 2023ൽ യാഥാർഥ്യമാകുമ്പോൾ ഏറ്റവും കുറഞ്ഞത് 30 ലക്ഷം സന്ദർശകരെയാണ് പ്രതിവർഷം പ്രതീക്ഷിക്കുന്നത്. ഇത് ധാരാളം സംരംഭകർക്ക് അവസരമൊരുക്കും. തൊഴിലന്വേഷകരെ സംരംഭകരാക്കി മാറ്റുന്നതിനുള്ള ഉത്തരവാദിത്തം വ്യവസായ വകുപ്പിനുണ്ട്. ഇതിനായി സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും സംരംഭക സൗഹൃദമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രത്തിനുകീഴിൽ 105 ഇന്റേണുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരോരോരുത്തരും ഓരോ വ്യവസായ കേന്ദ്രമായി മാറുന്ന രീതിയിൽ പ്രവർത്തനം വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. എം എസ് എം ഇ ഡി എഫ് ഒ ജോയിന്റ് ഡയറക്ടർ ജി എസ് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ലീഡ് ബാങ്ക് മാനേജർ എസ് മോഹനചന്ദ്രൻ, കെ എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ് കെ ഭവദാസ് എന്നിവർ സംസാരിച്ചു. സംരംഭകർ ജില്ലയിലെ ധനകാര്യ സ്ഥാപന പ്രതിനിധികളുടെ മുന്നിൽ പ്രൊജക്ടുകൾ അവതരിപ്പിച്ചു. ജില്ലാ വ്യവസായകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ പി സ്മിത മോഡറേറ്ററായി. വ്യവസായവകുപ്പിന്റെ സംരംഭകത്വ സഹായപദ്ധതികളും ആനുകൂല്യങ്ങളും എന്ന വിഷയം അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ഓഫീസർ കെ പി അജിത്കുമാർ അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ഡോ. കെ എസ് കൃപകുമാർ സ്വാഗതവും മാനേജർ എസ് സജി നന്ദിയും പറഞ്ഞു.

date