Skip to main content
രാമവർമ്മപുരം പോലിസ് അക്കാദമിയിൽ നടന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസിങ്ങ് ഔട്ട് പരേഡിൽ മന്ത്രി ആന്റണി രാജു പരേഡ് പരിശോധിക്കുന്നു

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

കേരള പോലീസ് അക്കാദമിയിലെ 90 ദിവസത്തെ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ പതിമൂന്നാമത് ബാച്ചിലെ 33 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് രാമവർമ്മപുരം പോലീസ് ഗ്രൌണ്ടിൽ നടന്നു. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു മുഖ്യാതിഥിയായി കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. കേരളത്തിൽ ജനസംഖ്യാനുപാതികമായി വാഹനങ്ങളുടെ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ ഉത്തരവാദിത്തം കൂടുന്നുവെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ സഹോദരസ്ഥാപനമായ ഐ ഡി ടി ആറിൽ നിന്ന് പ്രായോഗിക പരിശീലനം കിട്ടി പുറത്ത് ഇറങ്ങുന്ന ആദ്യ ബാച്ചാണിതെന്ന് ആന്റണി രാജു പറഞ്ഞു. റോഡുകളിൽ  സ്ഥാപിച്ച അത്യാധുനിക ക്യാമറകൾ, ജി പി എസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ, നിർമിത ബുദ്ധി എന്നിവ ഉപയോഗിച്ച് റോഡ് അപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ടെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി എസ് ശ്രീജിത്ത്, കേരള പോലീസ് അക്കാദമി ഡയറക്ടർ എഡിജിപി ഗോപേഷ് അഗ്രവാൾ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, ഡെപ്യൂട്ടി കമ്മീഷണർ എം പി ജയിംസ് മോട്ടോർ വാഹന വകുപ്പിലേയും പോലീസിലേയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ  സന്നിഹിതരായി.

2022 നവംബർ 13നാണ് കേരള പോലീസ് അക്കാദമിയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ അടിസ്ഥാന പരിശീലനത്തിന് തുടക്കം കുറിച്ചത്. 90 ദിവസത്തെ പരിശീലന കാലയളവിൽ ഇൻഡോർ വിഭാഗത്തിൽ മോട്ടോർ വാഹന നിയമം, ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവ് നിയമം എന്നിവയിലും മറ്റ് പ്രാദേശിക നിയമങ്ങളിലും ക്ലാസുകൾ നൽകി. ഔട്ട്ഡോർ വിഭാഗത്തിൽ പരേഡ്, ശാരീരിക ക്ഷമതാ പരിശീലനം എന്നിവയ്ക്ക് പുറമേ നീന്തൽ, കമ്പ്യൂട്ടർ പരിശീലനവും ആയുധ പരിശീലനവും, ഫയറിംഗ് പരിശീലനവും ഇവർക്ക് നൽകിട്ടുണ്ട്.

date