Skip to main content

അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ 'കരുതൽ കിറ്റ് '

            സംസ്ഥാനത്തെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്കും സന്നദ്ധ ആരോഗ്യ പ്രവർത്തകർക്കും, അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ കഴിയുന്ന കരുതൽ കിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ നൂതന സംരംഭമാണിത്. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകർക്ക് ആദ്യ കിറ്റ് നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

            അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഫലപ്രദമായും ഗുണമേന്മയോടും കൂടി ഉറപ്പാക്കുവാൻ പറ്റുന്ന തരത്തിലാണ് കരുതൽ കിറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. മരുന്നുകൾ ഉൾപ്പെടെ 10 ഇനം ചികിത്സാ സാധന സാമഗ്രികൾ ഈ കിറ്റിലുണ്ട്. കെ.എം.എസ്.സി.എൽ.ന് കീഴിലുള്ള കാരുണ്യ ഫർമസികൾ വഴി 1000 രൂപയ്ക്ക് താഴെ കിറ്റ് ലഭ്യമാകും. ആശാഡ്രഗ് കിറ്റ്, അംഗൻവാടി പ്രവർത്തകർക്കുള്ള കിറ്റുകൾ, സ്‌കൂളുകൾ വഴി വിതരണം ചെയ്യാവുന്ന പ്രാഥമിക ചികിത്സാ കിറ്റുകൾ എന്നിവയും ഇനി കരുതൽ കിറ്റ് എന്ന പേരിലായിരിക്കും കാരുണ്യ ഫാർമസികൾ വഴി ലഭ്യമാകുക.

            ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ മൃൺമയി ജോഷി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. ഷിബുലാൽ, കാരണ്യ മരുന്നു വിതരണ വിഭാഗം ഡെപ്യൂട്ടി മാനേജർ അരുൺ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 1228/2023

date