Skip to main content

ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവേ : മന്ത്രി വീണാ ജോർജ്

*ബ്രഹ്‌മപുരം ചൊവ്വാഴ്ച മുതല്‍ ആരോഗ്യ സര്‍വേ: മന്ത്രി വീണാ ജോര്‍ജ്*

 

 

 

*മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ സമഗ്ര യോഗം ചേര്‍ന്നു*

 

 

 

എറണാകുളം ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ ആരോഗ്യ വകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

 

കളമശേരി മെഡിക്കല്‍ കോളേജിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കാക്കനാട് ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാക്കും. മെഡിസിന്‍, പള്‍മണോളജി, ഒഫ്ത്താല്‍മോളജി, പീഡിയാട്രിക്, സൈക്യാട്രി, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും. ഇവിടെ പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് നടത്താനാകും. മൊബൈല്‍ ലാബുകളില്‍ നെബുലൈസേഷനും പള്‍മണറി ഫങ്ഷന്‍ ടെസ്റ്റിനുമുള്ള സൗകര്യങ്ങളുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിയ്ക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് നടപടി. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുക.

 

മറ്റ് രോഗമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഈ പ്രചരണങ്ങളില്‍ ആശങ്കയോ ഭയമോ വേണ്ട. കാരണം ഇങ്ങനെ പ്രചരിപ്പിക്കുന്ന പലതിനും ശാസ്ത്രീയ അടിത്തറയില്ലെന്നും മന്ത്രി വ്യക്തമാക്കി.

date