Skip to main content
കേരള ഫോക്ലോര്‍ അക്കാദമിയുടെ പടയണി പഠന കളരി കാപ്പൊലി 23 കാവറിവിന്റെ മഹാസംഗമം ആറന്‍മുള കിടങ്ങന്നൂര്‍ പള്ളിമുക്കത്ത് ദേവീക്ഷേത്രത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു.

പടയണി പഠന കളരി ഇന്ന് (ഞായർ ) സമാപിക്കും

 

കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിച്ച മൂന്നു ദിവസത്തെ പടയണി പഠന കളരി ഇന്ന് (ഞായർ ) സമാപിക്കും. കിടങ്ങന്നൂർ പള്ളിമുക്കത്ത് പടയണി കളരിയിലാണ് പരിപാടി. രാവിലെ 7.30 ന് കോലമെഴുത്ത് പാരമ്പര്യവും ശൈലീഭേദവും  എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ എഴുമറ്റൂർ സുദർശനനും മറ്റ് ആശാൻമാരും പങ്കെടുക്കും. 10 ന് പടയണിപ്പാട്ടിന്റെ ഭാഷയും ദേശഭേദവും എന്ന വിഷയം കടമ്മനിട്ട പ്രസന്നകുമാറിന്റെ നേതൃത്വത്തിലും 11.15 ന് കോലം തുള്ളലും കരകളും എന്ന വിഷയം പുല്ലാട് പ്രദീപ് ചന്ദ്രനും  നയിക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് പടയണിക്കും ഇതര കലകൾക്കു മിടയിലെ ബന്ധവിഛേദങ്ങൾ എന്ന വിഷയത്തിൽ പ്രഫ. അരുൺകുമാറും നേപഥ്യ ജിനേഷ് പി ചാക്യാരും പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് സമാപന സഭ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും . അക്കാദമി അധ്യക്ഷൻ ഒ.എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷനാവും. ആറൻമുള വാസ്തുവിദ്യാഗുരുകുലം ഡയറക്ടർ സദാശിവൻ നായർ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് തുടങ്ങുന്ന പടയണി അവതരണം മംഗള ഭൈരവിയോടെ സമാപിക്കും . മുപ്പതോളം കരകളിൽ നിന്നുള്ള ഇരുനൂറിലധികം കലാകാരൻമാർ പങ്കെടുത്തു. കഴിഞ്ഞ മൂന്നു ദിവസമായി കളരിയിൽ താമസിച്ചായിരുന്നു പഠനം.

date