Skip to main content

ആത്മ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 14ന് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും

** കാര്‍ഷിക മുന്നേറ്റത്തിന് വഴിയൊരുക്കി ആത്മയുടെ പ്രവര്‍ത്തനം
കര്‍ഷകര്‍ക്ക് നൂതന കാര്‍ഷികരീതികള്‍ നല്‍കുക വഴിയും കൃഷിയിടങ്ങളിലെ കാര്‍ഷിക വിളകളില്‍ നിന്നും മെച്ചപ്പെട്ട വരുമാനം ഉറപ്പു നല്‍കി സ്വയംപര്യാപ്തത കൈവരിച്ച് സാമൂഹിക-സാമ്പത്തിക ഭദ്രത ഉറപ്പു നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനു കീഴിലുള്ള ആത്മയുടെ പുതിയ ഓഫീസ് പന്തളം കടയ്ക്കാട് ഫെബ്രുവരി 14ന് രാവിലെ 9.30ന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയായ ആത്മയുടെ പ്രവര്‍ത്തനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് മികച്ച രീതിയിലാണ് നടക്കുന്നത്. നിലവിലുള്ള വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും, കൃഷി അനുബന്ധ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചും, കാര്‍ഷിക വികസന പദ്ധതികളില്‍ കര്‍ഷകരുടെ മെച്ചപ്പെട്ട പങ്കാളിത്തം ഉറപ്പാക്കിയും, നൂതന കാര്‍ഷിക രീതികളും വ്യവസ്ഥകളും കര്‍ഷകര്‍ക്ക് എത്തിച്ചു നല്‍കിയും മുന്നേറ്റത്തിന് വഴിയൊരുക്കുകയാണ് ആത്മ.
പന്തളം കടയ്ക്കാട് ജില്ലാ മണ്ണു പരിശോധനാ കേന്ദ്രത്തിന്റെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 11.15ന് സെമിനാറില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ രൂപീകരണവും പ്രവര്‍ത്തനങ്ങളും എന്ന വിഷയം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് മാത്യു ഏബ്രഹാമും കൊടുമണ്‍ കൃഷി ഓഫീസര്‍ എസ്. ആദിലയും അവതരിപ്പിക്കും. ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ കെ.എസ്. പ്രദീപ് മോഡറേറ്ററാകും. ഉച്ചയ്ക്ക് 12.30ന് തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരും കര്‍ഷകരുമായുള്ള മുഖാമുഖം നടക്കും.

date