Skip to main content

‘ജലസുരക്ഷയും കാലാവസ്ഥാ പൊരുത്തപ്പെടലും’ ശിൽപ്പശാല ചൊവ്വാഴ്ച

            കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും ജലശക്തി മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ജർമ്മൻ ഫെഡറേഷൻ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹകരണത്തിൽ കമ്മീഷൻ ചെയ്ത ഉഭയകക്ഷി പദ്ധതിയായ ഗ്രാമീണ ഇന്ത്യയുടെ ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും എന്നതിന്റെ ശിൽപ്പശാല മാർച്ച് 14ന് തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിൽ നടക്കും. ഇന്ത്യയിൽ GIZ എന്ന ഏജൻസിയാണ് പദ്ധതിക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ലഭ്യമാക്കുന്നത്. ഗ്രാമവികസന മന്ത്രാലയത്തിന്റെ വികസന പദ്ധതികളുമായി, പ്രത്യേകിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജലശക്തി മന്ത്രാലയത്തിന്റെ ‘Catch the Rain’ പദ്ധതികളുമായ സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. ഗ്രാമീണ ഇന്ത്യയുടെ ജലസുരക്ഷയും കാലാവസ്ഥാ പൊരുത്തപ്പെടലും (WASCA)  പദ്ധതിയുടെ ആദ്യഘട്ടത്തിൽ അഞ്ച് സംസ്ഥാനങ്ങളിൽ 2019 പ്രവർത്തനങ്ങൾ ആരംഭിക്കുകയും 2022 പദ്ധതി പൂർത്തീകരിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലെ 15 കാർഷിക കാലാവസ്ഥ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കാലാവധി നവംബർ 2022 മുതൽ നവംബർ 2025 വരെയാണ്. കേരളത്തിൽ കാസർഗോഡ്, പാലക്കാട് എന്നീ ജില്ലകളിലാണ് WASCA 2.0 ന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ളത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, മലമ്പുഴ, തൃത്താല ബ്ലോക്കുകളിലും കാസർഗോഡ് ജില്ലയിലെ നീലേശ്വരം കാറഡുക്ക ബ്ലോക്കിലും ആണ് പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.

            സംസ്ഥാനത്ത് WASCA 2.0 നടപ്പിലാക്കുന്നതിനെക്കുറിച്ച് വ്യക്തമായ ആശയം നൽകുന്നതിനാണ് ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി സംസ്ഥാനതല ഇൻസെപ്ഷൻ ഡേ ശിൽപ്പശാല നടത്തുന്നത്. രാവിലെ 10.30ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. G12 അഡ്വൈസർ സ്റ്റീഫൻ ഡോം, നാച്ചുറൽ റിസോഴ്സ് മാനേജ്മെന്റ് ഡയറക്ടർ രാജീവ് അഹൽ തുടങ്ങിയവർ പങ്കെടുക്കും. വിവിധ സെഷനുകളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.

പി.എൻ.എക്സ്. 1239/2023

date