Skip to main content

സംസ്ഥാനതല ഖാദി എക്‌സ്‌പോയ്ക്ക് കണ്ണൂരിൽ തുടക്കമായി

കേന്ദ്ര ഖാദി കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും സംയുക്തമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഖാദി ഗ്രാമ വ്യവസായ പ്രദർശന വിപണന മേള 'ഖാദി എക്‌സ്‌പോ 2023' ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ രംഗത്തുള്ളവരോട് ഖാദി ഉൽപ്പന്നങ്ങൾ ധരിക്കാൻ ആവശ്യപ്പെട്ട് ദേശീയ മെഡിക്കൽ കമ്മീഷൻ സർക്കുലർ ഇറക്കിയതായി അദ്ദേഹം പറഞ്ഞു. ഡോക്ടർമാർക്കും നഴ്‌സുമാർക്കുമായി ഖാദി കോട്ട് നിർമ്മിച്ചു വിതരണം ചെയ്തുവരുന്നു. സംസ്ഥാന ജീവനക്കാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഖാദിയോട് അനുഭാവ പൂർണമായ സമീപനമാണ് കാണിക്കുന്നത്. 99 ശതമാനവും സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന ഖാദി മേഖലയിൽ വൈവിധ്യവത്കരണത്തിലൂടെ, ഗുണനിലാവരമുള്ള ഉൽപ്പന്നങ്ങൾ നൽകി പുതിയ ഫാഷൻ സ്വീകരിച്ച് മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഖാദി തൊഴിലാളികളുടെ കൂലി കുടിശ്ശിക വിതരണം ചെയ്യാൻ അടിയന്തിര നടപടികൾ സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. ഖാദി കമ്മീഷൻ സംസ്ഥാന ഡയറക്ടർ സി എ ആണ്ടവർ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ഖാദി ഗ്രാമവ്യവസായ ബോർഡ് അംഗം എസ് ശിവരാമൻ, ഖാദി ഗ്രാമവ്യവസായ ബോർഡ് ഡയറക്ടർമാരായ സി സുധാകരൻ, ടി സി മാധവൻ നമ്പൂതിരി, കെ വി ഗിരീഷ് കുമാർ, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ വി രാജേഷ്, അസി. ജില്ലാ വ്യവസായ ഓഫീസർ കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
മാർച്ച് 19 വരെ നീണ്ടുനിൽക്കുന്ന ഖാദി എക്‌സ്‌പോയിൽ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും വിദഗ്ധ നെയ്ത്തുകാരുടെ കരവിരുതിൽ രൂപകൽപന ചെയ്ത കോട്ടൺ, സിൽക്ക്, വൂളൻ ഖാദി വസ്ത്രങ്ങളും ഗ്രാമീണതയുടെ തെളിമയും മേൻമയും ഗുണവും കൂടിച്ചേരുന്ന ഗ്രാമവ്യവസായ ഉൽപന്നങ്ങളും ലഭിക്കും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് സ്‌പെഷൽ റിബേറ്റ് ലഭിക്കും.

 

date