Skip to main content

ബൈപാസ് കട്ടിംഗ്: പട്ടുവത്തേക്കുള്ള ഗതാഗതം ഏഴാംമൈൽ-കൂവോട്-പട്ടുവം റോഡ് വഴി തിരിച്ചുവിടും

ദേശീയപാത-66ൽ തളിപ്പറമ്പ് ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി തളിപ്പറമ്പ്-പട്ടുവം റോഡ് കട്ടിംഗ് നടത്തുമ്പോൾ പട്ടുവത്തേക്കുള്ള വാഹനഗതാഗതം ഏഴാംമൈൽ-കൂവോട്-പട്ടുവം റോഡ് വഴി തിരിച്ചുവിടാൻ എം വിജിൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതോടൊപ്പം തളിപ്പറമ്പ് ടൗണിൽനിന്ന് വാളയാട് വഴി പട്ടുവത്തേക്കുള്ള റോഡ്, നിലവിലെ വീതി കുറഞ്ഞ പാലം പുനർനിർമ്മിച്ച് ഗതാഗത യോഗ്യമാക്കാനും യോഗത്തിൽ തീരുമാനമായി. റോഡ് നിർമ്മാണത്തിന് സാമഗ്രികൾ നൽകി തളിപ്പറമ്പ് നഗരസഭ മുൻകൈയെടുക്കും. മനുഷ്യ വിഭവശേഷിയും യന്ത്രസാമഗ്രികളും ദേശീയപാത അതോറിറ്റി കരാറുകാറായ മേഘ കൺസ്ട്രക്ഷൻ നൽകും. റോഡ് മുറിക്കുമ്പോൾ പട്ടുവത്തേക്കുള്ള കുടിവെള്ള പൈപ്പുകൾക്ക് അതീവ ശ്രദ്ധ നൽകണമെന്ന് കലക്ടർ നിർദേശിച്ചു.

യോഗത്തിൽ എം വിജിൻ എംഎൽഎ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ശ്രീമതി, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ആർഡിഒ ഇ പി മേഴ്‌സി, ഡെപ്യൂട്ടി കലക്ടർ ഒ വി രഞ്ജിത്ത്, തളിപ്പറമ്പ് എംഎൽഎയുടെ പ്രതിനിധി വി ഷഗിൽ, വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ പി പി ദീപ, ദേശീയപാത അതോറിറ്റി ഡിഎം ജസ്പ്രീത്, മേഘ കൺസ്ട്രക്ഷൻസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date