Skip to main content

ബ്രഹ്‌മപുരത്ത് നിരീക്ഷണത്തിന് മുഴുവന്‍ സമയവും ഫയര്‍ വാച്ചേഴ്‌സ്; പോലീസ് പട്രോളിംഗ് ശക്തമാക്കും

 

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മുഴുവന്‍ സമയവും ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കാനും സ്ഥലത്ത് പോലീസിന്റെ പട്രോളിംഗ് ശക്തമാക്കാനും തീരുമാനം. തീപിടിത്തത്തെ തുടര്‍ന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് തീരുമാനം. കോര്‍പ്പറേഷനാണ് ഫയര്‍ വാച്ചേഴ്‌സിനെ നിയോഗിക്കാനുള്ള ചുമതല. ബ്രഹ്‌മപുരത്തെ മുഴുവന്‍ പ്രദേശവും ഫയര്‍ വാച്ചര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. 

ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഹരിത കേരളം മിഷന്‍, കുടുംബശ്രീ, ആരോഗ്യം, കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

ബ്രഹ്‌മപുരത്ത് ജാഗ്രത തുടരുകയാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയിലെ ഫയര്‍ ആന്റ് റസ്‌ക്യൂ സേനാംഗങ്ങള്‍ ഇപ്പോഴും ബ്രഹ്‌മപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ചെറിയൊരു തീപിടിത്തമുണ്ടായാലും തീ അണയ്ക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണ്. തീപിടിത്തമുണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഫയര്‍ ആന്റ് റെസ്‌ക്യൂ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. 

ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ഓരോ വീടും കയറി ആരോഗ്യ സര്‍വേ പുരോഗമിക്കുകയാണ്. സര്‍വേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സ ആവശ്യമുള്ളവരോട് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താന്‍ നിര്‍ദേശിക്കും. ടെലിഫോണ്‍ വഴിയും സേവനം ലഭ്യമാക്കും. 

ഫയര്‍ ഉദ്യോഗസ്ഥര്‍ക്കായി കാക്കനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് ഒരുക്കിയിട്ടുണ്ട്. തീ അണച്ച ശേഷം മറ്റു ജില്ലകളിലേക്ക് മടങ്ങി പോയ ഫയര്‍ ഉദ്യോഗസ്ഥര്‍ക്ക് അതത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് വഴി ആരോഗ്യ പരിരക്ഷയും തുടര്‍ പരിശോധനയും ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് തീ അണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ലഭ്യമാക്കും. ജില്ലയില്‍ 14 മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ പരിശോധനയും ഉറപ്പാക്കിയിട്ടുണ്ട്. എസ്‌കവേറ്റര്‍ ഡ്രൈവര്‍മാര്‍, സിവില്‍ ഡിഫന്‍സ്, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ആരോഗ്യസംരക്ഷണം ഉറപ്പാക്കും. ബ്രഹ്‌മപുരത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.  

തദ്ദേശ വാസികളുടെ ആശങ്ക അകറ്റുന്നതിനായി മാര്‍ച്ച് 17 ന് മാലിന്യ സംസ്‌കരണം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തും.  

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബ്രഹ്‌മപുരത്തെ വായു, വെള്ളം, മണ്ണ് എന്നിവയുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. 

ഭാവിയില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ കരുതല്‍ നടപടികളും എംപവേഡ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നിര്‍വഹിക്കും. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കമ്മിറ്റി കര്‍ശന നിരീക്ഷണം നടത്തും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റ് അടക്കം നിലവിലുള്ള പദ്ധതികള്‍ ആറു മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഇതിന്റെ ദൈനംദിന അവലോകനവും നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

date