Skip to main content

മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍  സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം

പൊതു നിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടു പിടിക്കാന്‍ റസിഡന്‍ഷ്യല്‍ കൂട്ടായ്മകളുമായി ചേര്‍ന്ന് തെരുവു വിളക്കുകള്‍ക്ക് സമീപം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും അഴുക്കുചാല്‍ ശുചീകരണ പദ്ധതി സമഗ്രമായി പുനരുജ്ജീവിപ്പിക്കാനും തഹസില്‍ദാരുടെ ചേംബറില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. റോഡരികുകളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി മുറിച്ചുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണം. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ പരിശോധിച്ച് മയക്കുമരുന്ന് ഉപയോഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുന്നിടത്ത് പ്രത്യേകം റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഫാറൂഖ്  കോളേജ് മുതല്‍ രാമനാട്ടുകര വരെയുള്ള റോഡില്‍ പൊട്ടിപ്പൊളിഞ്ഞ ഭാഗവും അപകടത്തിലായ ഫാറൂഖ് പഴയപാലത്തിന്റെ അറ്റകുറ്റപ്പണികളും പൊതുമരാമത്ത്  വിഭാഗം അടിയന്തിരമായി നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഭക്ഷണ വില ഏകീകരിക്കാനും ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പുവരുത്താന്‍ കര്‍ശന പരിശോധന നടത്തണം. ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്ന തോട്ടംമുറി അടുക്കത്തില്‍ റോഡ് ഉടനടി ഗതാഗത യോഗ്യമാക്കാന്‍ നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. 
യോഗത്തില്‍ തഹസില്‍ദാര്‍ കെ.ടി സുബ്രഹ്മണ്യന്‍ , രാഷ്ട്രീയ കക്ഷി പ്രതിനിധികളായ നാരായണ്‍ ഇയ്യക്കുന്നത്ത്, എന്‍.വി ബാബുരാജ്, പി.വി നവീന്ദ്രന്‍, സി. വീരാന്‍കുട്ടി, പി. മുഹമ്മദ്,  ബാലകൃഷ്ണന്‍ പൊറ്റത്തില്‍, സി.അമര്‍നാഥ്, ടി.കെ നാസര്‍, നസീം കൊടിയത്തൂര്‍, ടി.മുഹമ്മദാലി,  വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

date