Skip to main content

ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ മഞ്ഞൾകൃഷി വ്യാപിപ്പിക്കുന്നു  

 

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 160 വാർഡുകളിലും മഞ്ഞൾകൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. തുടക്കത്തിൽ ഒരു ഏക്കർ ഭൂമിയിൽ കൃഷി ചെയ്യുകയാണ് ലക്ഷ്യം. ഔഷധ ഗുണം ഏറെയുള്ള മഞ്ഞളിന്റെ ഉത്പാദനം വർധിപ്പിക്കുന്നതോടൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉത്പാദനവും വിപണനവും ലക്ഷ്യം വെക്കുന്നു.

മഞ്ഞൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്  മാർച്ച് 27 ന് രാവിലെ 9.30 ന് ബാലുശ്ശേരി ബ്ലോക്ക്‌പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ശില്പശാല സംഘടിപ്പിക്കുന്നു. കോഴിക്കോട് അടക്ക സുഗന്ധ വിള വികസന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.   ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം  ചെയ്യും. ഗ്രാമപഞ്ചായത്തുകളിലെ ഒരു വാർഡിൽ നിന്നും ഒരു പ്രതിനിധിയടക്കം ഗ്രാമപഞ്ചായത്തിൽ നിന്നും പരമാവധി 20 പേർക്ക് പങ്കെടുക്കാം. ശില്പശാലയിൽ മഞ്ഞൾ കൃഷിയും കീടനിയന്ത്രണവും എന്ന വിഷയത്തിൽ വിദഗ്ദരായവർ ക്ലാസ്സ് എടുക്കും. 

ബാലുശ്ശേരി മണ്ഡലം  വികസന സെമിനാറിലെ ചർച്ചകളുടെ  അടിസ്ഥാനത്തിൽ മണ്ഡലത്തിൽ ഒരു പ്രധാന വിള തെരെഞ്ഞെടുക്കാനും എല്ലാ വാർഡുകളിലും പ്രസ്തുത വിളകൾ കൃഷി ചെയ്യുന്നതിനും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം നടത്തുന്നതിനും നിർദ്ദേശം വന്നതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മണ്ഡലത്തിലെ കാർഷിക പ്രവർത്തനങ്ങൾ എകീകരിക്കുന്നതിനായി  വാർഡ് തലത്തിൽ  കാർഷിക  സമിതികൾ  രൂപീകരിക്കും. ഗ്രാമ പഞ്ചായത്തടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലും സമിതികൾ നിലവിൽ വരും. സമിതികൾ രൂപം കൊടുക്കുന്ന ഓർഗനൈസേഷനുകൾ വിവിധ സഹായങ്ങൾ സർക്കാരിൽ നിന്നും ഇതിനായി ലഭ്യമാക്കുമെന്ന് കെ.എം സച്ചിൻ ദേവ് എം.എൽ.എ പറഞ്ഞു

date