Skip to main content

തലക്കുളത്തൂർ സി എച്ച് സിയിൽ വിപുലീകരിച്ച വ്യായാമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

'ജീവിതശൈലി മാറ്റം വ്യായാമത്തിലൂടെ' എന്ന ലക്ഷ്യത്തോടെ തലക്കുളത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ വിപുലീകരിച്ച വ്യായാമ കേന്ദ്രം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് വ്യായാമ കേന്ദ്രം വിപുലീകരിച്ചത്.

 2018ൽ ജില്ലയിൽ തന്നെ ആദ്യമായി പൊതുജനങ്ങൾക്ക് വേണ്ടി സ്ഥാപിച്ച വ്യായാമ കേന്ദ്രമാണ് തലക്കുളത്തൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേത്. വ്യായാമ കേന്ദ്രം വിപുലീകരിച്ചതിലൂടെ പ്രതിദിനം 250 പേർക്ക് വ്യായാമം ചെയ്യാനുള്ള സൗകര്യമാണ് ഒരുങ്ങിയത്.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.പി ദിനേശ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ബേബി പ്രീത സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ ടോമി തോമസ് നന്ദിയും പറഞ്ഞു.

date