Skip to main content

വന സൗഹൃദ സദസ്സ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും കാര്‍ഷിക സംഘടനകളും പങ്കെടുക്കുന്ന വനസൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്തുന്നതിനായി ഒ.ആര്‍. കേളു എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വനസൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 2 ന് രാവിലെ 10.30 ന് നിര്‍വഹിക്കും. മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വന സൗഹൃദ സദസ്സില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ഒ.ആര്‍ കേളു എം.എല്‍.എ, ജനപ്രതിനിധികള്‍, വനംവകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏപ്രില്‍ 2 മുതല്‍ 28 വരെ സംസ്ഥാനത്തുടനീളം വനസൗഹൃദ സദസ്സുകള്‍ സംഘടിപ്പിക്കും. വനം-വന്യജീവി വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികളും പരിഗണിക്കപ്പെടേണ്ട വിഷയങ്ങളും തൊട്ടടുത്ത റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലോ, ഗ്രാമപഞ്ചായത്ത് ഓഫീസിലോ മാര്‍ച്ച് 30 വരെ നല്‍കാം. യോഗത്തില്‍ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, എ.ഡി.എം എന്‍.ഐ ഷാജു, എ.ഡി.സി.എഫ് ദിനേഷ്, വയനാട് സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് ജോസ് മാത്യു, ഡി.എഫ്.ഒ എ. ഷജ്‌ന, വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വിവിധ വകുപ്പ് മേധാവിമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോദസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date