Skip to main content

അദാലത്തിന് ജില്ല സജ്ജമാകുന്നു, ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാകളക്ടറുടെ മാര്‍ഗനിര്‍ദ്ദേശം

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് രണ്ട് മുതല്‍ 11 വരെ നടക്കുന്ന താലൂക്കുതല അദാലത്തുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ട ചുമതലകളെക്കുറിച്ച് വിശദീകരിക്കാന്‍ ജില്ലാ കളക്ടർ ജില്ലാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. കരുതലും കൈത്താങ്ങും എന്ന പേരില്‍ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും നേതൃത്വത്തില്‍ ജില്ലയിലെ ആറ് താലൂക്കുകളിലായി നടക്കുന്ന അദാലത്തിനുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തി. 28 വിഷയങ്ങള്‍ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത്, വില്ലേജ്, മുന്‍സിപ്പാലിറ്റി, താലൂക്ക് ഓഫീസുകള്‍ വഴി നേരിട്ടും അക്ഷയ സെന്റര്‍, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ വഴി ഓണ്‍ലൈനായും ഏപ്രില്‍ ഒന്നുമുതല്‍ 15 വരെ പരാതികള്‍ സമര്‍പ്പിക്കാം. ഇതിനുള്ള വെബ് പോര്‍ട്ടല്‍ ഉടന്‍ തയ്യാറാകും.  വിവിധ ഓഫീസുകളില്‍ ഓരോ ദിവസവും ലഭിക്കുന്ന പരാതികള്‍ അന്ന് വൈകുന്നേരത്തോടെ താലൂക്ക് മോണിറ്ററിംഗ് സെല്ലില്‍ ശേഖരിച്ച് ജില്ലാതല മോണിറ്ററിംഗ് സെല്ലിലേക്ക് കൈമാറും. ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളിലും നോഡല്‍ ഓഫീസർമാരേയും നിയമിക്കും. ഈ അദാലത്തിലെ പരിഗണനയിൽപ്പെടാത്ത  പരാതികളില്‍ അദാലത്തിന് ശേഷം നടപടിയുണ്ടാകും.

മേയ് രണ്ടിന് തിരുവനന്തപുരം താലൂക്കിലെ അദാലത്ത് തിരുവനന്തപുരം എസ്.എം.വി സ്‌കൂളിലും മെയ് ആറിന് നെടുമങ്ങാട് താലൂക്കിലെ അദാലത്ത് നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലും മെയ് നാലിന് നെയ്യാറ്റിന്‍കര താലൂക്കിലേത് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലും മെയ് ഒമ്പതിന് വര്‍ക്കല എസ്.എന്‍ കോളേജിലും മെയ് 11ന് കാട്ടാക്കട കൃസ്ത്യന്‍ കോളേജിലുമാണ് നടക്കുക. ചിറയിന്‍കീഴ് താലൂക്കിലെ അദാലത്ത് വേദി ഇന്ന് ( മാര്‍ച്ച് 29) നടക്കുന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ തീരുമാനിക്കും. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം അനില്‍ ജോസ് ജെ , വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

date