Skip to main content

വർക്കല താലൂക്ക് അദാലത്ത്: ആലോചനായോഗം ചേർന്നു

*വർക്കല എസ്.എൻ കോളേജ് അദാലത്ത് വേദിയാകും

മന്ത്രിസഭ രണ്ടാംവാർഷികത്തോടനുബന്ധിച്ച് മെയ് രണ്ടു മുതൽ 11 വരെ നടക്കുന്ന താലൂക്ക് തല അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വർക്കല താലൂക്കിൽ ആലോചനായോഗം ചേർന്നു. മെയ് 9ന് താലൂക്കിൽ നടക്കുന്ന അദാലത്തിന് വർക്കല എസ്.എൻ കോളേജ് വേദിയാകും. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ജയമോഹന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അദാലത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിക്കുന്നതിന് ധാരണയായി.

അടൂർ പ്രകാശ് എം.പി, എംഎൽഎമാരായ വി.ജോയി, ഒ.എസ് അംബിക, വർക്കല മുൻസിപ്പാലിറ്റി ചെയർമാൻ കെ.എം. ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സ്മിത സുന്ദരേശൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ഉൾപ്പെടുന്നതാണ് സ്വാഗതസംഘം. താലൂക്കിൽ ലഭിക്കുന്ന പരാതികളുടെ മോണിറ്ററിംഗ് ചുമതല തഹസിൽദാർക്കാണ്. ഏപ്രിൽ ഒന്നു മുതൽ 15 വരെയാണ് അദാലത്തുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുന്നത്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അപേക്ഷ സ്വീകരിക്കും. നിലവിൽ 25 വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളിലാണ് അപേക്ഷ സ്വീകരിക്കുന്നത്.

വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികളും വർക്കല താലൂക്കിലെ തഹസിൽദാർമാരായ സജി.എസ്.എസ്, വിനോദ് കുമാർ. ജി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

date