Skip to main content
അഴീക്കൽ മത്സ്യബന്ധന തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം തുറമുഖം സന്ദർശിച്ചപ്പോൾ

അഴീക്കൽ മത്സ്യബന്ധന തുറമുഖ വികസനം: 25.37 കോടിയുടെ പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കും

അഴീക്കൽ മത്സ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള 25.37 കോടി രൂപയുടെ പദ്ധതി രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കും. കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ അഴീക്കലിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെൻഡർ നടപടി പൂർത്തിയാക്കി മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.
അഴീക്കൽ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കെ വി സുമേഷ് എംഎൽഎ ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകുകയും നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് അഴീക്കൽ സന്ദർശിച്ച മന്ത്രി സജി ചെറിയാൻ ആധുനിക സജ്ജീകരണങ്ങളുള്ള ഹാർബറായി മാറ്റാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി. ഈ മാസ്റ്റർ പ്ലാനിനാണ് നബാർഡിന്റെ അംഗീകാരവും ഭരണാനുമതിയും ലഭിച്ചത്. 185.35 മീറ്റർ നീളത്തിൽ ബോട്ടുകൾ കരയ്ക്കടിപ്പിക്കാനുള്ള വാർഫ്, 498 ചതുരശ്ര മീറ്ററിൽ ലേലപ്പുര, തൊഴിലാളികളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള 12 ലോക്കർ മുറി, സാഫ് ഓഫീസ്, മത്സ്യം വാഹനത്തിൽ കയറ്റാനും പാർക്കിങ്ങിനുമുള്ള സൗകര്യം, ഓഫീസ് കെട്ടിടം, കാന്റീൻ, ശുചിമുറി ബ്ലോക്ക്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വലയുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും നടത്താനുള്ള സ്ഥലം, ബോട്ട് യാർഡ് നവീകരണം, ഡ്രഡ്ജിങ്, ചുറ്റുമതിൽ, കുടിവെള്ള സൗകര്യം, നിരീക്ഷണ ക്യാമറ, തുറമുഖത്തേക്കുള്ള റോഡ് നവീകരണം, വൈദ്യുതീകരണം തുടങ്ങിയവയാണ് ഇവിടെ ഒരുക്കുക. കൂടുതൽ നീളത്തിൽ ലാൻഡിംഗ് ബർത്ത് നിർമ്മിക്കുന്നതോടെ കൂടുതൽ ബോട്ടുകൾക്ക് തുറമുഖത്തെത്തി മത്സ്യം ഇറക്കാൻ സാധിക്കും. ഇത് മത്സ്യത്തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്യുന്നതിനൊപ്പം വ്യാപാര മേഖലക്കും അനുബന്ധ മേഖലകൾക്കും ഉണർവ്വേകും.
യോഗത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ഹാർബർ എഞ്ചിനീയറിംഗ് സൂപ്രണ്ടിങ് എഞ്ചിനീയർ മുഹമ്മദ് അൻസാരി, എക്‌സിക്യുട്ടീവ് എഞ്ചിനീയർ മുഹമ്മദ് അഷ്‌റഫ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എൻ വിനയൻ, അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽകുമാർ, മത്സ്യഫെഡ് ജില്ലാ ഓഫീസർ രജിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരും പങ്കെടുത്തു

date