Skip to main content

തീരസദസ്സ്; മത്സ്യത്തൊഴിലാളികളുടെ പരാതി സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 15

 

 തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി മത്സ്യബന്ധന വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ്സ് പരിപാടിയില്‍ പരിഗണിക്കപ്പെടുവാനായി പരാതികള്‍ നല്‍കേണ്ടുന്ന അവസാന തീയതി ഏപ്രില്‍ 15 ആണെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മത്സ്യബന്ധന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.fisheries.kerala.gov.in എന്ന സൈറ്റിൽ തീരസദസ്സ് എന്ന പ്രത്യേക പോർട്ടൽ നൽകിയാണ് പരാതികൾ സമർപ്പിക്കാനുള്ള ഓപ്‌ഷൻ നൽകിയിരിക്കുന്നത്. നേരിട്ടോ അല്ലെങ്കില്‍ മത്സ്യഭവനുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ മുഖേനെയോ ഓണ്‍ലൈനായി പരാതി നല്‍കാം.     

മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായാണ് സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളില്‍ 'തീരസദസ്സ്' പരിപാടി സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികളെയും  വിവിധ വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ച് 2023 ഏപ്രില്‍ 23 മുതല്‍ മേയ് 25 വരെയുള്ള ദിവസങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഏപ്രിൽ 23 ന് തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്തുകൊണ്ടും പരിഹാരങ്ങൾ കണ്ടെത്തിയുമുള്ള ഒരു സമഗ്രമായ വേദിയെന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. പരിപാടിയുടെ ആദ്യ ഭാഗത്ത് അതത് പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രദേശികമായുള്ള പ്രശ്നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും. അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ അവിടെവെച്ചുതന്നെ പരിഹരിക്കുകയും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും. തീരദേശ മേഖലയുടെ വികസന പ്രവർത്തനങ്ങളും മത്സ്യത്തൊഴിലാളി മേഖലയിൽ നടത്തി വരുന്ന ഇടപെടലുകളും വിശദീകരിക്കുന്ന ലഘുചിത്രങ്ങളുടെ പ്രദർശനവും അതത് തീരദേശ മേഖലയിലെ പ്രതിഭകളെ ആദരിക്കലും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. തീരസദസ്സില്‍ ജില്ലയിലെ മന്ത്രിമാര്‍, ബന്ധപ്പെട്ട പാർലമെന്റ് അംഗം, നിയമസഭാംഗം, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാര്‍, മറ്റു ജനപ്രതിനിധികള്‍, മത്സ്യഫെഡ്, മത്സ്യബോർഡ് ചെയർമാന്മാർ, മത്സ്യബന്ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, മത്സ്യഫെഡ്, മത്സ്യബോര്‍ഡ് ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. മത്സ്യബന്ധന വകുപ്പിന്റെ കീഴിലെ സ്ഥാപനങ്ങളായ മത്സ്യഫെഡ്, കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് , കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍, ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാ കള്‍ച്ചര്‍ , സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമെന്‍, കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ , ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും.
 

date