Skip to main content

കൃഷിക്കും മൃഗ സംരക്ഷണത്തിനും മെച്ചപ്പെട്ട പരിഗണന ബജറ്റില്‍

ഉത്പാദന മേഖലയില്‍ കൃഷിക്കും മൃഗ സംരക്ഷണത്തിനും മെച്ചപ്പെട്ട പരിഗണന  നല്‍കി ആനിക്കാട് വാര്‍ഷിക ബജറ്റിന് അംഗീകാരം. 11,91,56,442 രൂപ പ്രതീക്ഷിത വരവും
11,75,39,000 രൂപ പ്രതീക്ഷിത ചെലവും 16,17,442 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ആനിക്കാട് ഗ്രാമ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് അംഗീകരിച്ചു.
നെല്‍കൃഷി, വാഴകൃഷി, തെങ്ങു കൃഷി, പച്ചക്കറി കൃഷി, കന്നുകുട്ടി പരിപാലനം, പാലിന് സബ്‌സിഡി, മുട്ടക്കോഴി വളര്‍ത്തല്‍, മത്സ്യ കൃഷി തുടങ്ങി എല്ലാ തലത്തിലും  സ്പര്‍ശിച്ചു കൊണ്ട് ആകെ 52,89,600രൂപ ഉത്പാദന മേഖലയില്‍ വകയിരുത്തിയിട്ടുണ്ട്. സേവന മേഖലയില്‍ 4,18,62,900 രൂപ വകയിരുത്തിയിട്ടുണ്ട്.ലൈഫ് ഭവന പദ്ധതിക്കായി 21 ലക്ഷവും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി രണ്ടു കോടിയും  പട്ടികജാതി വിഭാഗത്തിന് 45,06,000 രൂപയുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പശ്ചാത്തല മേഖലയില്‍ വിവിധ റോഡുകള്‍ സഞ്ചാര യോഗ്യമാക്കുന്നതിനായി 1,21,04,000 രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.
   ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിന്‍സി മോള്‍ തോമസിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് തോമസ് മാത്യു ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ലൈലാ അലക്സാണ്ടര്‍,  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോളിക്കുട്ടി സിബി, സിസി പ്രേംസി, പ്രമീള വസന്ത് മാത്യു, സി.എസ്. ശാലിനി, എച്ച്. സുജ, വിജയലക്ഷ്മി, ദേവദാസ് മണ്ണൂരാന്‍, ഡെയ്സി വര്‍ഗീസ്, സൂസന്‍ ഡാനിയേല്‍, മാത്യൂസ് കല്ലുപുര, ഗ്രാമപഞ്ചായത് സെക്രട്ടറി വി. രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.       (പിഎന്‍പി 983/23)

date