Skip to main content

പുത്തൂർ സുവോളജിക്കൽ പാർക്ക് ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകും: മന്ത്രി കെ രാജൻ

ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയുമായ തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക് ഈ വർഷം അവസാനത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് റവന്യു മന്ത്രി കെ രാജൻ. നിർമാണം പുരോഗമിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. മെയ് പകുതിയോടെ ബയോഡൈവേഴ്സിറ്റി പാർക്ക്‌ കൂടി പൂർത്തീകരിക്കും. സിംഹം, പുലി, കടുവ, സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ ഉഭയജീവികൾ ഉൾപ്പെടെ 64 ഇനങ്ങളിലായി 511 ജീവികളെയും അപൂർവ്വയിനം പക്ഷിമൃഗാദികളെയും തൃശ്ശൂർ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിക്കാൻ ലക്ഷ്യമിടുന്നുണ്ട്. സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെ തിരുവനന്തപുരം  മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും എത്തിക്കും.

അതിവേഗം പൂർത്തീകരിക്കുന്ന ഇന്ത്യയിലെ ആദ്യ മൃഗസംരക്ഷണ കേന്ദ്രം കൂടിയാണ് പുത്തൂർ സുവോളജികൾ പാർക്ക് എന്ന് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. 306 കോടി രൂപയുടെ പദ്ധതിയിൽ 269 കോടി രൂപ കിഫ്ബിയുടെ ധനസഹായമാണ്. വനത്തിൻ്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ട് 24ഓളം ആവാസ ഇടങ്ങളിൽ 8 ആവാസ വ്യവസ്ഥകളാണ് നിർമ്മിച്ചിരിക്കുന്നത്. പ്രതിവർഷം 30 ലക്ഷം പേർ പാർക്കിൽ വന്നു പോകുമെന്നാണ് കരുതുന്നത്.

നെയ്യാറിൽ നിന്നും രണ്ട് കടുവകളെ അടുത്ത ആഴ്ചയോടെ പാർക്കിൽ എത്തിക്കും. സീബ്ര, ജിറാഫ്, ആഫ്രിക്കൻ മാനുകൾ, അനാക്കോണ്ട എന്നിവയെ പുറം രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും രണ്ട് തരം കരടികളെയും ഏജൻസികൾ മുഖാന്തരവും എത്തിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ജൂലൈ മുതൽ ആരംഭിക്കുന്ന മൃഗങ്ങളുടെ ഷിഫ്റ്റിംഗ് പ്രക്രിയ ഒക്ടോബർ മാസത്തോടെ പൂർത്തീകരിക്കും.

പ്രശസ്ത ഓസ്‌ട്രേലിയൻ മൃഗശാല ഡിസൈനർ ജോൻ കോ ഡിസൈൻ ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിന് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയെന്ന പ്രത്യേകത കൂടിയുണ്ട്. 350 ഏക്കറിൽ സ്ഥിതി ചെയ്യുന്ന പാർക്കിൽ സഞ്ചാരത്തിനായി കരാർ അടിസ്ഥാനത്തിൽ മുപ്പതോളം ഡ്രാമുകൾ ഏർപ്പെടുത്തുമെന്നും അവലോകന യോഗത്തിൽ മന്ത്രി കെ രാജൻ പറഞ്ഞു.

പുത്തൂർ സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ ജെ വർഗീസ്, ഡയറക്ടർ ആർ കീർത്തി, തൃശ്ശൂർ ഡിഎഫ്ഓ സി വി രാജൻ, സിപിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ശാശ്വത് ഗോർ, സുവോളജിക്കൽ പാർക്ക് എസിഎഫ് നിബു കിരൺ, പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണി ഉണ്ണികൃഷ്ണൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date