Skip to main content

ഉത്സവ സീസണിൽ അമിതനിരക്ക് ഈടാക്കുന്ന ബസുകൾക്കെതിരെ നടപടി

ഉത്സവ സീസണിൽ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തർസംസ്ഥാന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര യോഗം ചേർന്നത്. നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്വം ബസ് ഉടമകൾക്കായിരിക്കും. ഉത്സവ സീസണിലെ വാഹന പരിശോധനയ്ക്കായി സ്‌ക്വാഡ് രൂപീകരണത്തിനായി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ഏപ്രിൽ 1-ന് പ്രത്യേക യോഗം ചേരും. കോൺട്രാക്ട് കാരിയേജ് വാഹനങ്ങളിൽ സ്പീഡ് ഗവർണറിലും ജിപിഎസ്സിലും കൃത്രിമം കാണിച്ച് അനുവദനീയമായതിലും അധികം വേഗതയിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദേശം നൽകി. അവധിക്കാലവും ഉത്സവ സീസനും പ്രമാണിച്ച് കൂടുതൽ ബസ് സർവീസ് നടത്തുവാൻ കെഎസ്ആർടിസിക്ക് മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1563/2023

date