Skip to main content

പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും:മന്ത്രി ജെ ചിഞ്ചുറാണി

പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കടയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ 'സുരക്ഷിത്'ന്റെ സംസ്ഥാനതല ഉദ്ഘാടനവും ആരോഗ്യ ശുചിത്വബോധവത്ക്കരണവും മെന്‍സ്ട്രല്‍ കപ്പ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മെന്‍സ്ട്രല്‍ കപ്പ് സാനിറ്ററികളുടെ ബദലായാണ് കണക്കാക്കുന്നത്. സിലിക്കന്‍ കൊണ്ട് നിര്‍മിക്കുന്നവ ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ സംരക്ഷണം നല്‍കും. നാപ്കിനുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ആശങ്കയും ഇതിലൂടെ ഒഴിവാക്കാം. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥിനികളില്‍ മെന്‍സ്ട്രല്‍ കപ്പ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ അധ്യക്ഷയായി. കേരള ഫീഡ്സിന്റെ 2021-2022 സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡുമായി സഹകരിച്ച് പദ്ധതി വിഭാവനം ചെയ്തത്. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് ഡോ കൃഷ്ണ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ക്ലാസ് നയിച്ചു. കരുകോണ്‍, വയല, ചടയമംഗലം, കുമ്മിള്‍, ചിതറ, കടയ്ക്കല്‍, തേവന്നൂര്‍ എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പലും ഹെഡ്മാസ്റ്ററും മെന്‍സ്ട്രല്‍ കപ്പ് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.  

ജില്ലാ പഞ്ചായത്ത് അംഗം ജെ നജീബത്ത്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിന്‍ കടയ്ക്കല്‍, ഗാമപഞ്ചായത്ത് അംഗങ്ങള്‍, കേരള ഫീഡ്സ് മാനേജിങ് ഡയറക്ടര്‍ ഡോ ബി ശ്രീകുമാര്‍, പുനലൂര്‍ ഡി ഇ ഒ എം ജെ റസീന, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് റ്റി ആര്‍ തങ്കരാജ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ നജീം, ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date