Skip to main content

ജില്ലയിലെ മികച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു. മികച്ച ആശുപത്രിയായി കൊട്ടാരക്കര താലൂക്ക് ആശുപത്രി, മികച്ച ഭൗതിക സാഹചര്യവുമുള്ള ആശുപത്രിയായി പുനലൂര്‍ താലൂക്ക് ആശുപത്രി, മികച്ച അമ്മയും കുഞ്ഞും ആശുപത്രിയായി സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രി, മികച്ച സെക്കന്‍ഡറി ലെവല്‍ ആശുപത്രിയായി കൊല്ലം ജില്ലാ ആശുപത്രി എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സൂപ്രണ്ട്, മികച്ച നഴ്‌സിങ് ഓഫീസര്‍, മികച്ച സീനിയര്‍ നഴ്‌സിങ് സൂപ്രണ്ട്, മികച്ച റേഡിയോഗ്രാഫര്‍, മികച്ച ഇലക്ട്രീഷ്യന്‍ തുടങ്ങി 17 ഓളം അവാര്‍ഡുകളാണ് ജില്ലാ ആശുപത്രി കരസ്ഥമാക്കിയത്.

മികച്ച സൂപ്രണ്ടിനുള്ള അവാര്‍ഡിന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വസന്ത ദാസ്, പുനലൂര്‍ താലൂക്ക് ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ ഷാഹിര്‍ഷാ, സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി എന്നിവര്‍ അര്‍ഹരായി. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി കെ ഗോപന്‍ പുരസ്‌കാര ജേതാക്കള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു.  

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജേക്കബ് വര്‍ഗീസ്, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ അജിത എന്നിവര്‍ അംഗങ്ങളായ വിദഗ്ധ സമിതിയാണ് വിധിനിര്‍ണയം നടത്തിയത്. ജില്ലയിലെ മുഴുവന്‍ ആശുപത്രികളില്‍ നിന്നും സൂപ്രണ്ട് മുതല്‍ സെക്യൂരിറ്റിതലം വരെയുള്ള എല്ലാ വിഭാഗം ജീവനക്കാരെയും ഉള്‍പ്പെടുത്തിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴിലുള്ള ജീവനക്കാര്‍ക്ക് പുറമെ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായ ജീവനക്കാരെയും, ആരോഗ്യ സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

നഗര കുടുംബാരോഗ്യ കേന്ദ്രമായി യു പി എച്ച് സി മുണ്ടയ്ക്കല്‍, മികച്ച പബ്ലിക് ഹെല്‍ത്ത് വിഭാഗം കോ ഓഡിനേറ്ററായി എസ് സജിത്ത്, മികച്ച കണ്‍സല്‍ട്ടന്റ് എന്‍ജിനീയര്‍- ജിഹാസ്, മികച്ച പബ്ലിക് റിലേഷന്‍ ഓഫീസറായി അരുണ്‍ കൃഷ്ണന്‍, അതുല്യ, കാര്‍ത്തിക എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ദേവ് കിരണ്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജേക്കബ് വര്‍ഗീസ്, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ അജിത, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ സിന്ധു ശ്രീധര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍, ആരോഗ്യ വകുപ്പ്, എന്‍ എച്ച് എം ജീവനക്കാര്‍ പങ്കെടുത്തു.

                                                     

date