Skip to main content

വനസൗഹൃദ സദസ്സ് സംസ്ഥാനതല ഉദ്ഘാടനം നാളെ മാനന്തവാടിയില്‍

· മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍,  രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവരെ  പങ്കെടുപ്പിച്ച് നടത്തുന്ന വന സൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഞായറാഴ്ച്ച) മാനന്തവാടിയില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.  രാവിലെ 10 ന് സെന്റ് പാട്രിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. പട്ടിക വര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പു മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും.  എം.എല്‍.എ മാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി,  ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തുടങ്ങിയവര്‍ പങ്കെടുക്കും. നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ കെ.എസ്.ദീപ ആമുഖ പ്രഭാഷണം നടത്തും. മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ്, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. കെ.ജെ മാര്‍ട്ടിന്‍ ലോവല്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പൊതുജനങ്ങളും വനംവകുപ്പും തമ്മില്‍ ഊഷ്മളമായ ബന്ധം ഉറപ്പാക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനും മേഖലയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് വനസൗഹൃദ സദസ് സംഘടിപ്പിക്കുന്നത്. വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെയും നഗരസഭകളിലേയും ജനപ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ  11 ന് തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുമായും മുഖ്യമന്ത്രി സംവദിക്കും.

 വിവിധ ഓഫീസുകളില്‍ വനം വകുപ്പുമായി ബന്ധപ്പെട്ട്  ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കല്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ രീപീകരണം,  വിദഗ്ദ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായ സ്വരൂപണം.  വകുപ്പു കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കല്‍ തുടങ്ങിയവ വന സൗഹൃദ സദസ്സില്‍ നടക്കും. പരാതികളും നിര്‍ദേശങ്ങളും ഇതിനകം സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്കായി  സദസ്സ് നടക്കുന്ന ദിവസം കൗണ്ടര്‍ വഴി  പരാതികള്‍ സ്വീകരിക്കും.  വന സൗഹൃദ സദസ്സിന്റെ ജില്ലയിലെ രണ്ടാം ഘട്ടം ഏപ്രില്‍ 3 ന് രാവിലെ 9.30 ന് ബത്തേരി സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വനം വന്യജീവി സംഘര്‍ഷങ്ങളുമായ് ബന്ധപ്പെട്ട വിഷയങ്ങളാണ് വനസൗഹൃദ സദസ്സില്‍ പരിഗണിക്കുക.

date