Skip to main content
തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്സമാൻ പരിഹരിച്ചത് 174 പരാതികൾ

തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്സമാൻ പരിഹരിച്ചത് 174 പരാതികൾ

 

തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്സ്മാന് കഴിഞ്ഞ വർഷം ലഭിച്ചത് 185 പരാതികൾ. പദ്ധതി കാര്യക്ഷമമായി നടത്തുന്നതിന്റെ ഭാഗമായാണ് പരാതികൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിന്റെ സഹകരണത്തോടെ ഓംബുഡ്സ്മാനെ നിയമിച്ചത്. 

കഴിഞ്ഞ വർഷം ലഭിച്ച 185 പരാതികളിൽ 174 പരാതികൾ തീർപ്പാക്കിയതായി ഓംബുഡ്സ്മാൻ വി.പി. സുകുമാരൻ അറിയിച്ചു. അവിദഗ്ദ്ധ തൊഴിലിനുള്ള കൂലി വൈകുന്നത്, കൂലി നിഷേധിക്കുന്നത്, പ്രവൃത്തി സ്ഥലത്തെ സൗകര്യങ്ങൾ നിഷേധിക്കുന്നത്, തൊഴിലിടങ്ങളിൽ ഉണ്ടാവുന്ന അപകടങ്ങൾക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ നൽകാത്തത്, സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ മണ്ണ് ജല പ്രവൃത്തികൾ അനുവദിക്കുന്നതിലെ പോരായ്മകൾ, മെറ്റീരിയൽ തുക നൽകാത്തത്, തൊഴിലാളികൾക്ക് എൻ.എം.എം.എസ്സ് സംവിധാനത്തിൽ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള പ്രയാസങ്ങൾ തുടങ്ങിയവയാണ് മുഖ്യമായും പരാതികളിൽ ഉന്നയിച്ചത്.ജില്ലാ കലക്ടർ, ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ എന്നിവരിൽ നിന്നും മികച്ച പിന്തുണയാണ് പരാതികൾ പരിഹരിക്കുന്നതിനായി ലഭിച്ചതെന്ന് ഓംബുഡ്സ്മാൻ അറിയിച്ചു. .

പ്രവൃത്തി സ്ഥലങ്ങൾ സന്ദർശിച്ച് തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് പരിശോധിച്ച്  ആവശ്യമായ ഇടപെടലുകൾ നടത്തിയാതായി ഓംബുഡ്സ്മാൻ അറിയിച്ചു. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും അദാലത്തുകൾ സംഘടിപ്പിച്ചു. 28 അദാലത്തുകളും 17 പബ്ലിക് ഹിയറിംഗുകളും 13 പ്രവൃത്തി സ്ഥല പരിശോധനകളും  നടത്തി. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഒരു കോടിയിലധികം തൊഴിൽ ദിനങ്ങൾ ജില്ലയിൽ സൃഷ്ടിക്കുന്നതിനായി പ്രവർത്തിച്ച എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ,ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തല ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും ഓംബുഡ്സ്മാൻ അഭിനന്ദിച്ചു.

പദ്ധതിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഓംബുഡ്സ്മാൻ സർക്കാരിലേക്ക് റിപ്പോർട്ടുകൾ അയച്ചിട്ടുണ്ടെന്നും ഓംബുഡ്സ്മാൻ അറിയിച്ചു.  എം.ജി.എൻ.ആർ.ഇ.ജി.എസ്സ് കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) - ഗ്രാമീൺ പ്രകാരമുള്ള ഭവന നിർമ്മാണ പദ്ധതി സംബന്ധിച്ചും ഓംബുഡ്സ്മാന് പരാതി നൽകാം. പരാതികൾ ഓംബുഡ്സ്മാൻ, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, സിവിൽ സ്റ്റേഷൻ, കോഴിക്കോട് എന്ന വിലാസത്തിൽ അയക്കാവുന്നതാണ്. ഇ മെയിൽ - ombudsmanmgnreeskkd@gmail.com

date