Skip to main content

മാലിന്യ സംസ്‌കരണം നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി 77 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി

മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 77 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി. കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലുള്ള കടകളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ച് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ പ്ലാന്റിനുള്ളില്‍ കത്തിക്കുന്നത് കണ്ടെത്തിയ സ്‌ക്വാഡ് ബൈലോ ലംഘിച്ചതിനും കൃത്യമായി നിരീക്ഷണം നടത്താത്തതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ പിഴ ചുമത്തി നോട്ടീസ് നല്‍കി.
എലവഞ്ചേരി, ഷോളയൂര്‍, കൊല്ലങ്കോട്, കൊടുവായൂര്‍ എന്നിവിടങ്ങളിലെ എം.സി.എഫുകളിലും സ്‌ക്വാഡ് പരിശോധന നടത്തി. അഗളി പഞ്ചായത്തില്‍ പരിശോധന നടത്തിയ സംഘം മലിനജലം തോടിലേക്ക് ഒഴുക്കി വിടുന്നത് കണ്ടെത്തി. മലിനജല സ്രോതസ് കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനും കൂടുതല്‍ പരിശോധന നടത്തുന്നതിനും പഞ്ചായത്തിന് നിര്‍ദേശം നല്‍കി. കടകളില്‍ നടത്തിയ പരിശോധനയില്‍ 72 കിലോ ഗ്രാം ഏകോപയോഗ നിരോധിത പ്ലാസ്റ്റിക്കുകളാണ് കണ്ടെത്തിയത്.

date