Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള 'നിറവില്‍' വ്യത്യസ്തമാകും ദേശീയ അവാര്‍ഡ് ജേതാവും ഗായികയുമായ മധുശ്രീ നാരായണന്റെ സംഗീത പരിപാടി, പിന്നണി ഗായിക അപര്‍ണ രാജീവിന്റെ ഫ്യൂഷന്‍ ലൈവ് തുടങ്ങിയവ മേളയെ വര്‍ണാഭമാക്കും

ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ 'നിറവ്' വ്യത്യസ്തമാകും. ഏഴ് ദിവസം നീളുന്ന കലാപരിപാടികളില്‍ ദേശീയ അവാര്‍ഡ് ജേതാവ് ഗായിക മധുശ്രീ നാരായണന്റെ സംഗീത പരിപാടി, പിന്നണി ഗായിക അപര്‍ണ രാജീവിന്റെ ഫ്യൂഷന്‍ ലൈവ്, രാഗവല്ലി മ്യൂസിക് ബാന്‍ഡിന്റെ സംഗീതപരിപാടി, എന്‍.ഡബ്ല്യൂ ഡാന്‍സ് കമ്പനിയുടെ മെഗാഷോ, ഡാറിനന്‍സ് ഡാന്‍സ് കമ്പനിയുടെ നൃത്തപരിപാടി, അഷറഫ് ഹൈദ്രോസും സംഘവും അവതരിപ്പിക്കുന്ന ഗസല്‍-സൂഫി ആന്‍ഡ് ഖവ്വാലി സംഗീത കച്ചേരി, വനിതകള്‍ മാത്രം അടങ്ങുന്ന കണ്യാര്‍കളി, രാജീവ് പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, ജനാര്‍ദ്ദനന്‍ പുതുശ്ശേരിയുടെ നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികള്‍ മേളയെ സംഗീത-നൃത്തവിസ്മയത്തില്‍ ആറാടിക്കും. പ്രവേശനം സൗജന്യമാണ്.

ഉദ്ഘാടന ദിവസം വൈകിട്ട് ഏഴിനാണ് കലാപരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകിട്ട് അഞ്ചോടെ ആരംഭിക്കും. ആദ്യദിവസം പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിക്കും. 7.30 ന് സ്വരലയ ഓര്‍ക്കസ്ട്രയുടെ ഗായകരായ ജി. ശ്രീറാം, കെ.വി പ്രീത, രവി ശങ്കര്‍, സരിത രാജീവ്, വിഷ്ണു വര്‍ദ്ധന്‍, സതീഷ് കൃഷ്ണ, ഡോ. നന്ദകുമാര്‍, സുനില്‍ ഹരിദാസ്, ബല്‍റാം, അഭിരാമി എന്നിവര്‍ അവതരിപ്പിക്കുന്ന 'കേരളം-കേരളം' ഗൃഹാതുര സംഗീത പരിപാടി. പത്തിന് വൈകിട്ട് അഞ്ചിന് 'ഒളപ്പമണ്ണയ്ക്ക് ശതാബ്ദി പ്രണാമം' പരിപാടി നടക്കും. സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാന്‍ വൈശാഖന്‍, എന്‍. രാധാകൃഷ്ണന്‍ നായര്‍, പ്രൊഫ. പി.എ വാസുദേവന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഡോ. രേവതി വയലാര്‍ നൃത്തസംവിധാനം നിര്‍വഹിച്ച് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നങ്ങേമകുട്ടി ദൃശ്യാവതരണം അരങ്ങേറും.
 
വൈകിട്ട് ആറിന് ദേശീയ അവാര്‍ഡ് ജേതാവ് മധുശ്രീ നാരായണന്റെ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി 'മധുശ്രീ ലൈവ്' നടക്കും. രാത്രി എട്ടിന് കലാമണ്ഡലം ഗണേശന്റെ തിരക്കഥയില്‍ പല്ലവി കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന 'കുന്തി' മോഹിനിയാട്ട നാടകവും അരങ്ങേറും. ഉദ്ഘാടന പരിപാടിയില്‍ സാംസ്‌കാരിക ഉപസമിതി ചെയര്‍മാന്‍ ടി.ആര്‍ അജയന്‍ അധ്യക്ഷനാകും. സംഘാടക സമിതി കണ്‍വീനര്‍ പ്രിയാ കെ. ഉണ്ണികൃഷ്ണന്‍ സ്വാഗതവും സാംസ്‌കാരിക ഉപസമിതി കണ്‍വീനര്‍ ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ് നന്ദിയും പറയും.

11 ന് വൈകിട്ട് അഞ്ചിന് പത്മശ്രീ രാമചന്ദ്ര പുലവര്‍ കലാ-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 5.10 ന് വി.കെ.എസ് ഗായക സംഘം അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും. തുടര്‍ന്ന് വി.പി മന്‍സിയ അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും.
7.10 ന് രാഗവല്ലി മ്യൂസിക് ബാന്‍ഡിന്റെ ഗായകരായ അനഘ, നിധുന, അഞ്ജലി, ഫര്‍ഹാന, അപര്‍ണ, രാഗേന്ദ്രു, ഷിറിന്‍ അബാദി, അമൃത, സ്വാതി, പവിത്ര, പി. അനഘ, വി. അനഘ, കൃഷ്ണശ്രീ, ഗായത്രി എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും. തുടര്‍ന്ന് 9.10ന് രാജീവ് പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് നടക്കും.

12 ന് വൈകിട്ട് അഞ്ചിന് കലാപരിപാടികളുടെ ഉദ്ഘാടനം എഴുത്തുകാരനായ ടി.കെ ശങ്കരനാരായണന്‍ നിര്‍വഹിക്കും. 5.10 ന് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയുടെ ഓട്ടന്‍തുള്ളല്‍ അരങ്ങേറും. 6.10 ന് പ്രശസ്ത പിന്നണി ഗായിക അപര്‍ണ രാജീവ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ലൈവ്. 8.10ന് എന്‍.ഡബ്ല്യൂ ഡാന്‍സ് കമ്പനി അവതാരകരായ സുമേഷ് ചന്ദ്രന്‍, സിനിമാതാരങ്ങളായ അച്ചു, കിച്ചു, സന്തോഷ് കുമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന മെഗാ ഷോ അരങ്ങേറൂം. 13 ന് പരിപാടികളുടെ ഉദ്ഘാടനം കവി പി.ടി നരേന്ദ്രമേനോനും സംഗീതജ്ഞ സുകുമാരി നരേന്ദ്രമേനോനും ചേര്‍ന്ന് നിര്‍വഹിക്കും. 5.15 ന് മണ്ണൂര്‍ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ട് നാടകം നടക്കും. 6.15 ന് മോര്‍ഫിയസ് മ്യൂസിക് ബാന്‍ഡിന്റെ ഗായകരായ പ്രതീക്, കാവ്യാ രാജേഷ് എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടി. 8.15 ന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന 'നാട്ടുചന്തം' അരങ്ങേറും.

14 ന് വൈകിട്ട് അഞ്ചിന് മണ്ണൂര്‍ രാജകുമാരനുണ്ണി കലാ-പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 5.15 ന് വനിതകള്‍ മാത്രം അടങ്ങുന്ന കണ്യാര്‍കളി സംഘം അവതരിപ്പിക്കുന്ന കണ്യാര്‍കളി. 6.10 ന് പ്രയാണ്‍ മ്യൂസിക് ബാന്‍ഡിന്റെ ഗായകരായ അജയന്‍ സത്യന്‍, ക്രിസ്റ്റാ കല, അജിത്ത് സത്യന്‍ എന്നിവരും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടി അരങ്ങേറും. 8.10 ന് ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന 'ഗ്രാമചന്തം-പാലക്കാടന്‍ നാട്ടുകലകള്‍' അരങ്ങേറും.

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസമായ 15 ന് വൈകിട്ട് 6.30 ന് അഷറഫ് ഹൈദ്രോസും സംഘവും അവതരിപ്പിക്കുന്ന ഗസല്‍, സൂഫി ആന്‍ഡ് ഖവ്വാലി സംഗീത കച്ചേരി അരങ്ങേറും. 8.30 ന് ഡാറിനന്‍സ് ഡാന്‍സ് കമ്പനിയുടെ നേതൃത്വത്തില്‍ സജ്ന നജത്തിന്റെ കൊറിയോഗ്രഫിയില്‍ സിനിമാതാരങ്ങളായ സരയൂ, പാര്‍വ്വതി അരുണ്‍, ഡാറിനന്‍സ് ഡാന്‍സ് കമ്പനി നര്‍ത്തകര്‍ അവതരിപ്പിക്കുന്ന സിനിമാറ്റിക്, സമകാലീന, അര്‍ദ്ധശാസ്ത്രീയ നൃത്തങ്ങളോടെ കലാ-സാംസ്‌കാരിക പരിപാടികള്‍ സമാപിക്കും.

date