Skip to main content

കാഞ്ഞങ്ങാടിന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞു സ്തീകളുടെയും കട്ടികളുടെയും ആശുപത്രി  പ്രവര്‍ത്തനമാരംഭിച്ചു

കാഞ്ഞങ്ങാടിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി. മാര്‍ച്ച് 31ന് രാവിലെ എട്ടോടെ ഒ.പി ടിക്കറ്റ് വിതരണം ആരംഭിച്ചു. രാവിലെ 9:54ന് ആദ്യത്തെ രോഗി ചികിത്സ തേടി. ഒ.പി യില്‍ പത്ത് പേരാണ് ചികിത്സ തേടിയത്. അത്യാഹിത വിഭാഗത്തില്‍ 4 പേരാണ് ചികിത്സയ്ക്കായി എത്തിയത്. എട്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളും  നാല് സ്ത്രീകളുമാണ് ആദ്യ ദിനത്തില്‍ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയത്.  

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇതിനായി മൂന്ന് ഗൈനക്കോളജിസ്റ്റുകള്‍, രണ്ട് പീഡിയാട്രീഷ്യന്‍മാര്‍ മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കി. സിവില്‍, ഇലക്ട്രിക്കല്‍ ജോലികള്‍, പ്ലംമ്പിഗ്, ഗ്യാസ് പൈപ്പ്‌ലൈന്‍ എന്നിവ പൂര്‍ത്തിയാക്കി ഫയര്‍ എന്‍.ഒ.സി, കെട്ടിട നമ്പര്‍ എന്നിവ ലഭ്യമാക്കിയാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. നിലവില്‍ 90 കിടക്കകളോട് കൂടിയ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ ന്യൂ ബോണ്‍ ഐ.സി.യു, അമ്മമാര്‍ക്കും ഗര്‍ഭിണി കള്‍ക്കുമുള്ള ഹൈ ഡിപെന്‍ഡന്‍സി യൂണിറ്റ് (എച്ച്.ഡി.യു.), മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ 9.41 കോടിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങള്‍ ലഭ്യമാക്കി. 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സിസ്റ്റം എന്നിയും ഒരുക്കി. സര്‍ജറി സേവനം കുറച്ച് ദിവസം കഴിഞ്ഞ് ലഭ്യമാക്കും.

date