Skip to main content

സേവാസ്; പദ്ധതി പരിചയപ്പെടുത്താന്‍ വര്‍ക്ക്‌ഷോപ്പ് നടത്തി

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം കാസര്‍കോട്, കാസര്‍കോട് ബി.ആര്‍.സി എന്നിവയുടെ നേതൃത്വത്തില്‍ സേവാസ്; പ്രൊജക്റ്റ് ഫെമിലിയറൈസേഷന്‍ വര്‍ക്ക്‌ഷോപ്പ് നടത്തി. ബേഡഡുക്ക പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാ ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡി.നാരായണ പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.പി.രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കൃപേഷ്, ജില്ലാ ട്രൈബല്‍ ഓഫീസര്‍ എം.മല്ലിക, പി.ഇ.സി സെക്രട്ടറി പത്മകുമാര്‍, ഊരുമൂപ്പന്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ടി.പ്രകാശന്‍ സ്വാഗതവും സി.ആര്‍.സി കോര്‍ഡിനേറ്റര്‍ സിന്ധു നന്ദിയും പറഞ്ഞു.

ബേഡഡുക്ക ഗ്രാമപഞ്ചായത്തിന് പ്രത്യേക പിന്തുണ നല്‍കി വിദ്യാഭ്യാസരംഗത്ത് സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് സേവാസ് (സെല്‍ഫ് എമര്‍ജിങ് വില്ലേജ് ത്രൂ അഡ്വാന്‍സ്ഡ് സപ്പോര്‍ട്ട് ). പദ്ധതി വിശദീകരണത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വരദരാജ്, വാര്‍ഡ് മെമ്പര്‍ തമ്പാന്‍, ജി.എച്ച്.എസ്.എസ് കുണ്ടംകുഴി ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഹാഷിം എന്നിവര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി സംസാരിച്ചു. ഏപ്രില്‍ രണ്ടാം വാരത്തോടുകൂടി തന്നെ സംഘാടകസമിതി രൂപീകരണം, ദ്വിദിന ശില്പശാല എന്നിങ്ങനെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും. പാര്‍ശ്വവത്കൃത മേഖലയിലെ സമഗ്ര വികസനം മുന്നില്‍ക്കണ്ട് സാധ്യമായ എല്ലാ ഏകോപന സാധ്യതകളും പ്രയോജനപ്പെടുത്തി നിശ്ചിത പാര്‍ശ്വവത്കൃത മേഖല ദത്തെടുക്കല്‍ ഈ പദ്ധതി വഴി ലക്ഷ്യമിടുന്നു. എല്ലാ കുട്ടികള്‍ക്കും പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുക, സ്‌കൂള്‍ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക, പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളെയും ഭൗതികമായി മെച്ചപ്പെടുത്തുക, ഉറപ്പുവരുത്തുക, പ്ലസ്ടു കഴിയുന്ന കുട്ടികള്‍ക്ക് ജോലി സാധ്യത ഉറപ്പുവരുത്തുകയും അവരാഗ്രഹിക്കുന്ന മേഖലയില്‍ ഉന്നത പഠനത്തിന് അവസരം ഒരുക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതി വഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.  
ഈ പദ്ധതി നടപ്പിലാക്കുന്നത് വഴി വിദ്യാഭ്യാസ മേഖലയിലും മറ്റ് മേഖലകളിലും കേരളത്തില്‍ തന്നെ മാതൃകാപരമായ പുരോഗതി കൈവരിക്കാന്‍ പഞ്ചായത്തിന് സാധിക്കും എന്ന് പ്രസിഡന്റ് എം.ധന്യ പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ശില്പശാലയുടെ ഭാഗമായി.
 

date