Skip to main content

ക്ഷേമനിധി പെന്‍ഷന്‍: അക്ഷയകേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 2022 ഡിസംബര്‍ 31 വരെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2023 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയകേന്ദ്രം വഴി ബയോമെട്രിക് മാസ്റ്ററിങ് നടത്തണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വൃദ്ധജനങ്ങള്‍ എന്നിങ്ങനെ അക്ഷയകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ ആ വിവരം അക്ഷയകേന്ദ്രത്തില്‍ അറിയിക്കണം. അതിനനുസരിച്ച് അക്ഷയകേന്ദ്രം പ്രതിനിധി വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ആധാര്‍ ഇല്ലാതെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍, ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, ബയോമെട്രിക് മാസ്റ്ററിങ് പരാജയപ്പെട്ടവര്‍ എന്നിവര്‍ ക്ഷേമനിധി ബോര്‍ഡ് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കി മസ്റ്ററിങ് പൂര്‍ത്തിയാക്കണം. നിശ്ചിതസമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മസ്റ്ററിങ്ങിനുള്ള കാലാവധിക്ക് ശേഷം പെന്‍ഷന്‍ വിതരണം നടത്തും. പൂര്‍ത്തിയാക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ മസ്റ്ററിങ് നടത്തും. അവര്‍ക്ക് മസ്റ്ററിങ് നടത്തുന്ന മാസം മുതല്‍ ഉള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കൂ. അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിനായി 30 രൂപയും ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 50 രൂപയും നല്‍കണം. തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍ 2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28/29നകം തൊട്ടുമുന്‍പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. നിശ്ചിത സമയപരിതിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കൂ. ഫോണ്‍: 0491 2515765.
 

date