Skip to main content

തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ :

സ്നേഹവീടിന്റെ താക്കോൽദാനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു

പാവപെട്ട മനുഷ്യർക്ക് ആലംബമാകാവുന്ന ഭവന പദ്ധതിയാണ് സ്നേഹക്കൂട് എന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കായി സ്നേഹക്കൂട് ഭവനപദ്ധതിയിൽ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ ഭൂരഹിതരും ഭവനരഹിതരും ആയ ആളുകൾ ഉണ്ടാവരുതെന്നും അവർക്ക് എന്നും നമ്മളോരോരുത്തരും ആശ്രയമാവണം എന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ സാമൂഹ്യസേവന താല്പര്യവും സാമൂഹ്യപ്രതിബന്ധതയും ഊട്ടിവളർത്തി ധാരാളം പ്രവർത്തനങ്ങൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ വീട് കൊരുമ്പിശ്ശേരി സ്വദേശിനി ഗുരുവിലാസം സ്മിതക്കും കുടുംബത്തിനുമാണ് കൈമാറിയത്. തുടർന്ന്  സ്നേഹക്കൂടിന്റെ ആദ്യഘട്ടത്തിൽ ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ ദുരിതമനുഭവിക്കുന്ന പത്തു കുടുംബങ്ങൾക്ക് വീടൊരുക്കാൻ ആണ് തീരുമാനം.

ജില്ലയിലെ മുഴുവൻ എൻ എസ് എസ് യൂണിറ്റുകളുടെയും നേതൃത്വത്തിൽ ആണ് വീട് നിർമിക്കുന്നതിനായുള്ള തുക സമാഹരിച്ചത്. സ്ക്രാപ്പ് ചലഞ്ച്, ഫുഡ് ചാലഞ്ച്, നാണയ ചാലഞ്ച് തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ ആണ് തുക കണ്ടെത്തിയത്. ഏകദേശം  ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്.

സ്റ്റേറ്റ് എൻ എസ് എസ് കോർഡിനേറ്റർ ഡോ. ആർ എൻ അൻസർ അധ്യക്ഷത വഹിച്ചു.
വി എ ജ്ഞാനാംബിക, ടി എം ഷൈലജ, അമ്പിളി ജയൻ, ജയൻ അരിമ്പ്ര, എം വി പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്നേഹക്കൂട് പദ്ധതിയുമായി സഹകരിച്ചവരെ ആദരിച്ചു.

date