Skip to main content
മറ്റത്തൂർ പഞ്ചായത്ത് ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടിന്റെ താക്കോൽദാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌  അശ്വതി വിബി നിർവഹിക്കുന്നു

ശാരദയ്ക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി മറ്റത്തൂർ പഞ്ചായത്ത്

ചോർന്നൊലിക്കുന്ന കൂരയിൽ നിന്ന് അടച്ചുറപ്പുള്ളൊരു വീട് എന്ന യാഥാർഥ്യത്തിലേക്ക് മറ്റത്തൂർ പഞ്ചായത്തിന്റെ സഹായത്തോടെ ശാരദ പാണ്ടാരി നടന്നുകയറി. കോടാലി ഗവ. എൽ പി സ്കൂളിലെ  ഹെൽപ്പറായ ശാരദയുടെ ഏറെ നാളത്തെ സ്വപ്നമായിരുന്നു സ്വന്തം വീട് എന്നത്. മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ആശ്രയഗുണഭോക്താവായ ശാരദയ്ക്ക് നാലുലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിച്ചുനൽകിയത്. വീടിന്റെ താക്കോൽദാനം മറ്റത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  അശ്വതി വിബി നിർവഹിച്ചു.

വാർഡ് 15ലെ ആശ്രയഗുണഭോക്താവാണ് ശാരദ. ആശ്രയത്തിന് ആരുമില്ലാത്ത ശാരദയ്ക്ക് സുരക്ഷിത ഭവനം ചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് ആശ്രയഗുണഭോക്തൃ ലിസ്റ്റിൽ മൂന്നുപേരിൽ ഒരാളായി ഇടംനേടുന്നത്. സമാനമായി രണ്ടു ഭവനനിർമ്മാണം കൂടി പഞ്ചായത്തിൽ പുരോഗമിക്കുന്നുണ്ട്. ട്രൈബൽ മേഖലയിൽ ഏഴു വീടുകളുടെ പുനരുദ്ധാരണവും നടന്നുവരികയാണ്.

താക്കോൽദാന ചടങ്ങിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സുനിത ബാലൻ അധ്യക്ഷത  വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻമാരായ വി എസ് നിജിൽ, ദിവ്യ സുധീഷ്, സനല ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ ഹിതേഷ് ജനപ്രതിനിധിമാരായ കെ എസ് സൂരജ്, അഭിലാഷ്, സിഡിഎസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date