Skip to main content
കലക്ട്രേറ്റ് ആസൂത്രണ ഭവൻ  ഹാളിൽ നടന്ന എൻ്റെ കേരളം പ്രദർശനം സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം; എന്റെ കേരളം മെഗാ എക്‌സിബിഷന്‍ മെയ് 10 മുതല്‍ 16 വരെ തേക്കിന്‍കാട് മൈതാനിയില്‍

ഇരുന്നൂറോളം സ്റ്റാളുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍; എല്ലാ ദിവസവും കലാവിരുന്ന്

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ പ്രദര്‍ശന-വിപണന-സേവന മേള മെയ് 10 മുതല്‍ 16 വരെ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കും. വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കുന്ന മെഗാ എക്‌സിബിഷനോടനുബന്ധിച്ച് എല്ലാ ദിവസവും കലാ-സംഗീത വിരുന്നും അരങ്ങേറും. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നീ പ്രമേയങ്ങളിലായാണ് ഇത്തവണത്തെ എന്റെ കേരളം എക്‌സിബിഷന്‍ ഒരുക്കുന്നത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയുടെ ഇരുനൂറിലേറെ പ്രദര്‍ശന, വിപണന സ്റ്റാളുകള്‍ ഉള്‍പ്പെടുന്നതാണ് എക്‌സിബിഷന്‍. അടിസ്ഥാന സൗകര്യവികസന മേഖലയില്‍ ഉള്‍പ്പെടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ചിത്രീകരിക്കുന്ന തീം സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കും. 42,000 സ്‌ക്വയര്‍ ഫീറ്റില്‍ എയര്‍ കണ്ടീഷണര്‍ സൗകര്യത്തോടെയാണ് മേളയുടെ പ്രധാന പവലിയന്‍ ഒരുങ്ങുന്നത്. ഇതിനു പുറമെ, പ്രധാന വേദിക്ക് പുറത്ത് കുട്ടികള്‍ക്ക് ആവശ്യമായ കളിസ്ഥലവും കായികവിനോദത്തിനുള്ള ഇടവും സജ്ജീകരിക്കും. റോബോട്ടിക്‌സ്, ചാറ്റ്ജിപിടി, വെര്‍ച്വല്‍ റിയാലിറ്റി, നിര്‍മിത ബുദ്ധി തുടങ്ങിയവ പരിചയപ്പെടുത്തുന്ന ടെക്‌നോളജി പവലിയന്‍ മേളയുടെ ആകര്‍ഷണങ്ങളിലൊന്നാകും. ജില്ലയിലെ മികച്ച മാലിന്യ സംസ്‌കരണ മാതൃകകളുടെ പ്രദര്‍നവും മേളയുടെ ഭാഗമായി ഒരുക്കും.

നാഷണലൈസ്ഡ് ബാങ്കുകളുടെ സേവനങ്ങള്‍, വിവിധ സര്‍ക്കാര്‍ ആനുകൂല്യ വിതരണം, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍, അക്ഷയ, ഐടി മിഷന്‍, ആരോഗ്യം, തദ്ദേശ സ്വയംഭരണം, എംപ്ലോയ്‌മെന്റ്, കാര്‍ഷിക വികസനം, ക്ഷീരവികസനം, ഭക്ഷ്യസുരക്ഷ, കേരള വാട്ടര്‍ അതോറിറ്റി, വനിതാ ശിശുവികസനം, കെഎസ്ഇബി, നിപ്മര്‍ തുടങ്ങിയ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ സൗജന്യമായി ജനങ്ങള്‍ക്കെത്തിക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളും മേളയുടെ സവിശേഷതയാണ്.

ആധാര്‍ ഉള്‍പ്പെടെയുള്ള അക്ഷയ സേവനങ്ങള്‍, ജനന- മരണ- വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, മണ്ണ്- ജല പരിശോധനകള്‍, ജീവിതശൈലീ രോഗനിര്‍ണയം, കുഞ്ഞുങ്ങളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന, വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍, പാല്‍ ഗുണനിലവാര പരിശോധന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കൗണ്‍സലിംഗ് തുടങ്ങിയ സേവനങ്ങള്‍ മേളയില്‍ സൗജന്യമായി ലഭിക്കും. അതോടൊപ്പം സര്‍ക്കാരിന്റെ വിവിധ വികസന - ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ പരിചയപ്പെടുത്തുകയും അവ ലഭ്യമാക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന തീം സ്റ്റാളുകളും എക്‌സിബിഷനില്‍ ഒരുക്കും.

സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന-സേവന മേളയുടെ മികച്ച നടത്തിപ്പിനായി ജില്ലയിലെ മൂന്ന് മന്ത്രിമാര്‍ മുഖ്യരക്ഷാധികാരികളും മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ രക്ഷാധികാരികളുമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍, അക്കാദമി ചെയര്‍മാന്‍മാര്‍, ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍മാര്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. എംഎല്‍എമാര്‍ ചെയര്‍മാന്മാരായി 10 സബ് കമ്മിറ്റികളും രൂപീകരിച്ചു.

സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനക്ഷേമ പദ്ധതികളും വിവിധ മേഖലകളില്‍ ജില്ല കൈവരിച്ച നേട്ടങ്ങളും ജനങ്ങളിലെത്തിക്കാന്‍ എന്റെ കേരളം മെഗാ എക്‌സിബിഷന്‍ സഹായകമാവുമെന്ന് സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളുടെ പരിച്ഛേദമായിരിക്കും മേള. ഈ മേള യുവാക്കളെയാണ് പ്രതിനിധീകരിക്കുന്നതെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.  മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ്, എംഎല്‍എമാരായ എ സി മൊയ്തീന്‍, പി ബാലചന്ദ്രന്‍, എന്‍ കെ അക്ബര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, അസി. കളക്ടര്‍ വി എം ജയകൃഷ്ണന്‍, എഡിഎം ടി മുരളി, പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ വി ആര്‍ സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തടുങ്ങിയവര്‍ പങ്കെടുത്തു.

date