Skip to main content

പാറശാല സർക്കാർ ആയുർവേദ ആശുപത്രിക്ക് പുതിയ ഐ.പി ബ്ലോക്ക്

**ശിലാസ്ഥാപനം സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു

മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാറശാല സർക്കാർ ആയുർവേദ ആശുപത്രിയിൽ വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആശുപത്രിയിലെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം സി.കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലയുള്ള ഐ.പി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

പ്രതിദിനം ഇരുന്നൂറ്റമ്പതിലധികം രോഗികളാണ് പാറശാല സർക്കാർ ആയൂർവേദ ആശുപത്രിയിൽ വിവിധ ചികിത്സകൾക്കായി എത്തുന്നത്. പുതിയ ഐ.പി ബ്ലോക്ക് കൂടി എത്തുന്നതോടെ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനാകും. പ്രസൂതി ഗൈനക് വിഭാഗം ചികിത്സയും ഭിന്നശേഷി കുട്ടികൾക്കായുള്ള സ്‌നേഹധാര പദ്ധതിയും മികച്ച രീതിയിൽ നടത്തി വരുന്നു. ജില്ലയുടെ അതിർത്തി പ്രദേശത്തായതിനാൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരും ചികിത്സക്കായി പാറശാല ആയുർവേദ ആശുപത്രിയെ ആശ്രയിക്കാറുണ്ട്.

പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീലാ മേബ്ലറ്റ്  ജി.വി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

date