Skip to main content
പിങ്ക് ബോക്സുമായി നാദാപുരം ഗ്രാമപഞ്ചായത്ത്

പിങ്ക് ബോക്സുമായി നാദാപുരം ഗ്രാമപഞ്ചായത്ത്

 

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പിങ്ക് ബോക്സുമായി നാദാപുരം ഗ്രാമപഞ്ചായത്ത്.  22 വാർഡുകളിലെയും ഓരോ അങ്കണവാടിയും കേന്ദ്രീകരിച്ചാണ്  പിങ്ക് ബോക്സ് പരാതി പെട്ടികൾ സ്ഥാപിക്കുക. പിങ്ക് ബോക്സ്  പരാതിപ്പെട്ടികളുടെ വിതരണോദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിർവഹിച്ചു.

സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ തടയുക, ജാഗ്രത സമിതി ശക്തിപ്പെടുത്തി പിങ്ക് ബോക്സിൽ ലഭിക്കുന്ന പരാതികളിൽ ഉടൻ നടപടി എടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം  വെക്കുന്നത് . പഞ്ചായത്ത് പ്രസിഡന്റ്, ഐസിഡിഎസ് സൂപ്പർവൈസർ, വനിതാ  അഭിഭാഷക ,പോലീസ് എന്നിവരുടെ സാന്നിധ്യത്തിൽ പരാതിപ്പെട്ടി തുറക്കുകയും തുടർനടപടി ജാഗ്രത സമിതി മുഖേന സ്വീകരിക്കുകയും ചെയ്യും. നിലവിൽ വനിതകൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്തിൽ വിമൻസ് ഫെസിലിറ്റേറ്റർ പ്രവർത്തിക്കുന്നുണ്ട്. 

ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അറുപത്തിയാറായിരം രൂപ  ചെലവഴിച്ചാണ് ബോക്സുകൾ സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലും ബോക്സ് സ്ഥാപിച്ചു.

പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, ഐ സി ഡി എസ് സൂപ്പർവൈസർ വി ശാലിനി, മെമ്പർ റീന കണയബ്രക്കൽ ,വിമൻസ് ഫെസിലിറ്റേറ്റർ പ്രിൻസിയ ബാനു ബീഗം എന്നിവർ സംസാരിച്ചു.

date