Skip to main content

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

 

സ്വരാജ് ട്രോഫി ജില്ലാ പഞ്ചായത്തിൽ വിജയദിനാഘോഷ പരിപാടികൾ  സംഘടിപ്പിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2021-22 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയതിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിജയാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുംവർഷത്തിൽ ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം നേടാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ജില്ലാ പഞ്ചായത്തിന്റെ നേട്ടമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ഉമ തോമസ് എംഎൽഎ പറഞ്ഞു. നാടിന്റെ വികസനത്തിനും വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ഇടയാക്കുന്ന വ്യത്യസ്തവും നൂതനവുമായ പദ്ധതികൾ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയതിന്റെ ഫലമായാണ് ജില്ലാ പഞ്ചായത്തിന് പുരസ്കാരം കൈവരിക്കാനായതെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.  കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. വരുംവർഷത്തിൽ ജനക്ഷേമകരമായ  പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

ജനകീയാസൂത്രണ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത്  നടപ്പിലാക്കുന്ന ക്ഷീരസാഗരം പദ്ധതിയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള 30 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ കൈമാറി. ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് പരിശ്രമിച്ച ഫിനാൻസ് ഓഫീസർ ജോബി തോമസ്, ജൂനിയർ സൂപ്രണ്ട് ജോസഫ് അലക്സാണ്ടർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക  ഉപഹാരവും ചടങ്ങിൽ കൈമാറി.  

പദ്ധതികളും പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് മികച്ച രീതിയിൽ സഹകരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും  വിജയാഘോഷ പരിപാടിയിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജെ.ജോമി, റാണി കുട്ടി ജോർജ്ജ്, ആശ സനിൽ, കെ.ജി. ഡോണാ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ,   എ.എസ്. അനിൽകുമാർ, മനോജ് മൂത്തേടൻ, കെ.വി.രവീന്ദ്രൻ , ദീപു കുഞ്ഞുക്കുട്ടി , യേശുദാസ് പറപ്പിള്ളി, അനിമോൾ ബേബി, ഷൈമി വർഗീസ്, എൽസി ജോർജ് , റഷീദ സലിം, കെ.കെ.ദാനി, പി എം നാസർ, ജോയിൻ്റ് ഡയറക്ടർ പി എം ഷെഫീക്ക്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രകാശ് പി.ജി, ഫിനാൻസ് ഓഫീസർ ജോബി തോമസ്, ജില്ലാ പഞ്ചായത്തിലെയും മറ്റ് വിവിധ വകുപ്പുകളിലെയും ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date