Skip to main content

ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഒന്നാം സ്ഥാനത്ത്

സംസ്ഥാനതലത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ ചെലവ് 81.82 ശതമാനം ചെലവഴിച്ച് ജില്ല ഒന്നാം സ്ഥാനം കൈവരിച്ചു. ജില്ലാതലത്തില്‍ മികച്ച ബ്ലോക്ക് പഞ്ചായത്തായി ശാസ്താംകോട്ട ഒന്നാം സ്ഥാനവും ചടയമംഗലം, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. മുനിസിപ്പാലിറ്റി തലത്തില്‍ പുനലൂരിന് ഒന്നാം സ്ഥാനവും ഗ്രാമപഞ്ചായത്ത് തലത്തില്‍ പത്തനാപുരം ഒന്നാം സ്ഥാനവും, കടയ്ക്കല്‍, കുണ്ടറ പഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും 2023- 24 വാര്‍ഷിക പദ്ധതിയായ 'നിലാവ്' വഴിയോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേനയോ നൂറു ശതമാനം ഫിലമെന്റ്രഹിതമായി എന്നുറപ്പാക്കാനുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കുക, ഭരണഘടന സാക്ഷരതാ സെല്‍ രൂപീകരിക്കുക, സ്‌കൂളുകളില്‍ ഭരണഘടനാ ആമുഖം വായിക്കുക, ജില്ലാ റിസോഴ്‌സസ് സെന്റര്‍ വിപുലീകരിക്കാനും തീരുമാനിച്ചു. കോര്‍പ്പറേഷന്റെ 2023- 24 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാന്‍, ലേബര്‍ ബജറ്റ് എന്നിവ അംഗീകരിച്ചു. മാലിന്യ സംസ്‌കരണം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനും നിര്‍ദേശിച്ചു.

ജില്ലാ പഞ്ചായത്ത് ജീവനം പദ്ധതിക്ക് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തുക വകയിരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശ മുന്‍ഗണന- അനിവാര്യ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ ഗോപന്‍ പറഞ്ഞു.

ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകള്‍, 11 ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് എന്നിവയുടെ 2023 -24 വാര്‍ഷിക പദ്ധതി അംഗീകരിച്ചു. 2022 -23 പദ്ധതി നിര്‍വഹണ പുരോഗതി ചെലവ് 79.73 ശതമാനമാണ്.

ചടങ്ങില്‍ മുന്‍ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ സാം കെ ഡാനിയലിനെ ആദരിച്ചു. ഡിപിസി സര്‍ക്കാര്‍ പ്രതിനിധി എം എം വിശ്വനാഥ്, പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, ആസൂത്രണ സമിതി ആര്‍ ഡി രഞ്ജിത്ത് വി ജി, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ•ാര്‍, സെക്രട്ടറിമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

date