Skip to main content

താലൂക്കുതല അദാലത്ത്: ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ, ഇന്ന് (ഏപ്രിൽ എട്ട്) ഉന്നതതല യോഗം

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിനായി ഒരുങ്ങി തിരുവനന്തപുരം ജില്ല. അദാലത്തിൻ്റെ സുഗമമായ നടത്തിപ്പിനായി എല്ലാ താലൂക്കുകളിലും സംഘാടക സമിതികൾ രൂപീകരിച്ച് ചിട്ടയായ രീതിയിലാണ് പ്രവർത്തനം. ഇതിനോടകം വിവിധ വകുപ്പുകളിലായി ആയിരത്തോളം പരാതികൾ ലഭിച്ചു. പൊതു അവധികൾ കഴിഞ്ഞ് തിങ്കളാഴ്ച മുതൽ സർക്കാർ ഓഫീസുകൾ സജീവമാകുന്നതോടെ കൂടുതൽ പരാതികളെത്തുമെന്നാണ് വിലയിരുത്തൽ. അദാലത്തിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ എട്ട്) രാവിലെ പത്ത് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത്, മുൻസിപ്പൽ ജനപ്രതിനിധികൾ എന്നിവരുടെ ഉന്നതതല യോഗം ചേരുന്നുണ്ട്.

താലൂക്ക് അടിസ്ഥാനത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തി പരാതികൾക്ക് പരിഹാരം കാണുന്ന അദാലത്തിൽ വിവിധ വകുപ്പുകളിലെ 28 വിഷയങ്ങളിലായി ഈ മാസം 15 വരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. പരാതികള്‍ സ്വീകരിക്കാനും പരിശോധിക്കാനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത്, വില്ലേജ്, മുന്‍സിപ്പാലിറ്റി, താലൂക്ക് ഓഫീസുകള്‍ വഴി നേരിട്ടും അക്ഷയ സെന്റര്‍, www.karuthal.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും  പരാതികള്‍ സമര്‍പ്പിക്കാം.  വിവിധ ഓഫീസുകളില്‍ ഓരോ ദിവസവും ലഭിക്കുന്ന പരാതികള്‍ അന്ന് വൈകുന്നേരത്തോടെ താലൂക്ക് മോണിറ്ററിംഗ് സെല്ലില്‍ ശേഖരിച്ച് ജില്ലാതല മോണിറ്ററിംഗ് സെല്ലിലേക്ക് കൈമാറും. ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളിലും നോഡല്‍ ഓഫീസർമാരേയും നിയോഗിച്ചിട്ടുണ്ട്.

date