Skip to main content

രണ്ടാം തവണയും നൂറുമേനിയുമായി പുറമേരി ഗ്രാമപഞ്ചായത്ത് 

 

2022-23 സാമ്പത്തിക വർഷവും നൂറുശതമാനം പദ്ധതി തുക വിനിയോഗിച്ച് പുറമേരി ഗ്രാമ പഞ്ചായത്ത്. തുടർച്ചയായി രണ്ടാം വർഷമാണ് പഞ്ചായത്ത് നൂറുമേനി നേട്ടം കൈവരിക്കുന്നത്. പദ്ധതി തുക വിനിയോഗിക്കുന്നതിൽ തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ ഒന്നാമതും ജില്ലയിലെ മികച്ച 10 പഞ്ചായത്തുകളിൽ ഒന്നുമായി പുറമേരി ഗ്രാമപഞ്ചായത്ത് മാറിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി കെ ജ്യോതി ലക്ഷ്മി അറിയിച്ചു.

2022-23 സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകി. പദ്ധതി തുക വിനിയോഗം, പട്ടികജാതി ഫണ്ട്‌, നികുതി പിരിവ് എന്നിവ നൂറുശതമാനത്തിലെത്തിക്കുകയും  ചെയ്തു. ഭരണസമിതിയുടെ കൃത്യമായ ഇടപെടലും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാനുള്ള  ആസൂത്രണവുമാണ് നേട്ടത്തിന് പിന്നിൽ.

അങ്കണവാടി പൂരക പോഷകാഹാര വിതരണം, നീർത്തട സംരക്ഷണം, തോടുകളുടെ വശങ്ങൾ കെട്ടി സംരക്ഷിക്കൽ, കയർ ഭൂവസ്ത്രം വിരിക്കൽ, സ്വയം തൊഴിൽ സംരംഭങ്ങൾ, ജലജീവൻ മിഷൻ സ്ഥലം ഏറ്റെടുക്കൽ, ദുരന്തനിവാരണ സേനയ്ക്ക് ഉപകരണങ്ങൾ, വയോജനങ്ങൾക്ക് കട്ടിൽ, മൊബൈൽ മെഡിക്കൽ ലാബ്, പാലിയേറ്റീവ് പ്രവർത്തനം, ഗ്രാമീണ റോഡുകളുടെ നവീകരണം, വിമുക്തിപദ്ധതികൾ, അങ്കണവാടി നവീകരണം തുടങ്ങിയ വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ പഞ്ചായത്തിന് സാധിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

date