Skip to main content

അശാസ്ത്രീയ മാലിന്യ സംസ്‌കരണം: ജില്ലയില്‍ പരിശോധന ശക്തമാക്കും

 

 ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ പരിശോധന അടക്കമുള്ള മാലിന്യ സംസ്‌കരണ രംഗത്തെ നിയമ ലംഘനങ്ങളുടെ പരിശോധന വരും ദിവസങ്ങളില്‍ കര്‍ശനമാക്കാന്‍ ജില്ലാതല ഏകോപന സമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാതല സ്‌ക്വാഡ് വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധികളില്‍ പരിശോധന നടത്തിവരുന്നു. 80,000 രൂപ ഇതുവരെ പിഴ ചുമത്തുകയും 170 കിലോ നിരോധിത ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളായ പേപ്പര്‍ പ്ലെയ്റ്റ്, പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ കപ്പ്, ക്യാരി ബാഗ് തുടങ്ങിയവ വ്യാപകമായി സൂക്ഷിക്കുകയും വിപണനം ചെയ്യുന്നതും കണ്ടെത്തിയതിനെ തുടര്‍ന്നാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ സ്‌ക്വാഡ് ശക്തമാക്കാന്‍ തീരുമാനിച്ചത്.

 വരും ദിവസങ്ങളില്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന സ്‌ക്വാഡും, ജില്ലാതല സ്‌ക്വാഡും പരിശോധന നടത്തും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള മറ്റ് നിയമ ലംഘനങ്ങളും സ്‌ക്വാഡ് പരിശോധിക്കും. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം, വാതില്‍പ്പടി സേവനം, യൂസര്‍ ഫീ ശേഖരണം 100 ശതമാനം കൈവരിക്കല്‍, ശുചിത്വ മിഷന്‍ ക്യാമ്പയിനായ ''മഴയെത്തും മുന്‍പേ മനുഷ്യ ഡ്രോണുകള്‍', സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 'കൈകള്‍ കോര്‍ത്ത് കരുതലോടെ- കരുതലും കൈത്താങ്ങും' എന്നീ ക്യാമ്പെയ്‌നുകളില്‍ ആവശ്യമായ നടപടി സ്വീകരിക്കുവാനും യോഗം നിര്‍ദേശിച്ചു.

 യോഗത്തില്‍ തൊഴിലുറപ്പ് പദ്ധതി ജെ.പി.സി പ്രീതി മേനോന്‍, പഞ്ചായത്ത് ഉപ ഡയറക്ടര്‍ പി. ജയരാജന്‍, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി. അനില്‍, പി.സി.ബി പരിസ്ഥിതി എഞ്ചിനീയര്‍ എം.എ ഷിജു, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ അജീഷ് ചെറിയ കോലോത്ത്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വി.എം. അബ്ദുള്ള, നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യം, വിവിധ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date